ലഖ്‌നൗ: ഉറങ്ങിക്കിടന്ന അമ്മയ്ക്കരികില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഫിറോസാബാദിലെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന മാതാവിനരികില്‍ നിന്നായിരുന്നു അജ്ഞാതനായ യുവാവ് കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യ ടുഡേ, സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വീഡിയോ പങ്കുവെച്ചിരുന്നു. മഥുര സ്റ്റേഷനില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ നിന്നായിരുന്നു കുഞ്ഞിനെ തട്ടിയെടുക്കുന്നതിന്റെ വീഡിയോ ലഭിച്ചത്.
ഉറങ്ങി കിടന്ന അമ്മയ്ക്കരികില്‍ നിന്നും കുഞ്ഞിനെ എടുത്ത് ഓടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. സംഭവത്തില്‍ കേസെടുത്ത് മഥുര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
മഥുര സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ഫിറോസാബാദിലെ വീട്ടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ബി.ജെ.പി കോര്‍പറേഷന്‍ അംഗമായ വിനിത അഗര്‍വാളിന്റെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരും ഭര്‍ത്താവുമാണ് വീട്ടിലുള്ളത്.
കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഘവുമായി ബന്ധമുള്ള ഡോക്ടറില്‍ നിന്ന് 1.8 ലക്ഷം രൂപക്കാണ് ദമ്പതികള്‍ കുഞ്ഞിനെ വാങ്ങിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇവര്‍ക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്.
ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയായിരുന്നു സംഘം തട്ടിയെടുത്തത്. കുട്ടികളെ ഇത്തരത്തില്‍ തട്ടിയെടുത്ത് വില്‍പന നടത്തുന്ന ആറംഗ സംഘമാണ് സംഭവത്തിന് പിന്നില്‍. സംഭവത്തില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ നവല്‍ നഗറില്‍ ഹോസ്പിറ്റല്‍ നടത്തുന്ന ഡോക്ടര്‍ ദമ്പതികളുമുണ്ട്.
ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം. റെയില്‍വേ പൊലീസിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്റെ 800 കിലോമീറ്റര്‍ ചുറ്റളവില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ദമ്പതികളായ പ്രേം ബിഹാരി, ദയാവതി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. റെയില്‍വെ പ്ലാറ്റ്‌ഫോമുകളിലും മറ്റ് പൊതുഇടങ്ങളിലും ഉറങ്ങുന്ന ഇത്തരം ആളുകളില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കുന്നത് പതിവാണെന്ന് ദമ്പതികള്‍ പൊലീസിന് മൊഴി നല്‍കിയതായി ഫ്രീ പ്രസ്‌ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.