കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിന്‍ ലാല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഫോണിലൂടേയും കത്തിലൂടേയും ഭീഷണിയുണ്ടെന്നാണ് വിപിന്‍ലാല്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സാക്ഷി മൊഴി നല്‍കാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് തനിക്ക് ഭീഷണി വരുന്നതെന്ന് വിപിന്‍ പരാതിയില്‍ പറയുന്നു.
കാസര്‍ഗോഡ് സ്വദേശിയാണ് വിപിന്‍ ലാല്‍. വിപിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് 195 എ, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസില്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് വിപിന്‍ലാല്‍. വിപിന്‍ ലാലാണ് നേരത്തെ ജയിലില്‍ വെച്ച് ഈ കേസിലെ മുഖ്യ പ്രതികളായ സുനില്‍ കുമാര്‍ അടക്കമുള്ളവരെ കത്തെഴുതാന്‍ സഹായിച്ചത്. കൃത്യം നടത്തിക്കഴിഞ്ഞെന്നും ഇനി ലഭിക്കേണ്ട പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു.
അതേസമയം നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ വഴിയാണ് ദിലീപ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്.
ദിലീപിന് എതിരായ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്.
തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. നിലവില്‍ ഈ കേസില്‍ രഹസ്യ വിചാരണ നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ഇതിനു മുന്‍പ് ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികള്‍ വാര്‍ത്തയാക്കരുതെന്ന് ദിലീപ് കോടതിയില്‍ ആവശ്യപെട്ടിരുന്നു. നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍, നടി ഭാവ എന്നിവര്‍ കൂറുമാറിയിരുന്നു.
ഇവര്‍ ആദ്യം നല്‍കിയ മൊഴിയും വിചാരണ സമയത്ത് നല്‍കിയ മൊഴിയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Chief witness threatens to change statement in actress’ assault case; lodged complaint