| Tuesday, 3rd April 2018, 11:15 pm

അവരുടെ അഭാവം വലിയ വിടവ് തന്നെയാണ്; ഓസീസ് താരങ്ങളുടെ വിലക്കിനെക്കുറിച്ച് മുഖ്യ സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ഒരു ടീമിന്റെ നായകനും ഉപനായകനും പരിക്കുമൂലം പരമ്പരയില്‍ നിന്നു വിട്ടു നില്‍ക്കുക എന്നത് തന്നെ ഒരോ ടീമിനെയും പ്രതിസന്ധിയിലേക്ക് നയിക്കുന്ന കാര്യമാണ്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമിനിപ്പോള്‍ നഷ്ടമായിരിക്കുന്നത് നായകനെയും ഉപനായകനെയും യുവതാരത്തെയുമാണ്. അതും ഒരു വര്‍ഷത്തേക്ക്. താരങ്ങളുടെ അഭാവം ടീമിനെ എങ്ങിനെ ബാധിക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസീസിന്റെ മുഖ്യ സെലക്ടര്‍.

ഓസീസിന്റെ മുന്‍ ബാറ്റ്‌സ്മാനായ മാര്‍ക്ക് വോയാണ് സെലക്ടറിന്റെ വേഷത്തില്‍ ഇപ്പോള്‍ ടീമിനെ നയിക്കുന്നത്. പന്തില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനു താരങ്ങള്‍ സസ്‌പെന്‍ഷനിലായതിനു പിന്നാലെ നടന്ന മത്സരത്തില്‍ ദയനീയ പരാജയമാണ് ഓസീസിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ മൂന്നു താരങ്ങളുടെ സസ്‌പെഷന്‍ ടീമിനെ എങ്ങിനെ ബാധിക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മാര്‍ക്ക് വോ.

“തങ്ങള്‍ക്ക് ഒരുപറ്റം മികച്ച താരങ്ങളുണ്ട് ഓസീസ് ടീമില്‍. പക്ഷേ നഷ്ടമായ ഈ താരങ്ങള്‍, പ്രത്യേകിച്ച് സ്മിത്തും വാര്‍ണറും ഇവരുടെ അഭാവം വലിയ വിടവ് തന്നെയാണ്. ബാന്‍ക്രോഫ്റ്റ് മികച്ചൊരു താരമായിരുന്നു. അവന്റേതായ പാതയില്‍ ഉയര്‍ന്നുവരുന്നയാള്‍. ഇവര്‍ക്ക് പകരം ആളുകളെ നിയമിക്കുക എന്നത് കടുപ്പമേറിയ കാര്യം തന്നെയാണ്.” വോ പറയുന്നു.

എന്നാല്‍ ഈ അവസരം മികച്ച താരങ്ങളെ കണ്ടെത്താനും അവര്‍ക്ക് നിലയുറപ്പിക്കാനും സഹായമേകുമെന്നും വോ അഭിപ്രായപ്പെട്ടു. “അടുത്ത ലോകകപ്പിലേക്ക് മികച്ച നിരയെ കണ്ടെത്താന്‍ കഴിയും. വിജയത്തിന്റെ പാതയില്‍ തിരിച്ചെത്താനും” വോ കൂട്ടിച്ചേര്‍ത്തു.

മൂന്നുതാരങ്ങളുമായി വ്യക്തിപരമായി തനിക്കേറെ അടുപ്പമുണ്ടെന്നും അവരെല്ലാം നല്ല വ്യക്തികളുമാണെന്നും പറഞ്ഞ വോ അവര്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടാകാമെന്നും എല്ലാവരും തെറ്റുകള്‍ വരുത്താറുണ്ടെന്നും പറയുന്നു. അവര്‍ അവരായി തന്നെ തിരിച്ച് വരുമെന്നും മുന്‍ താരം പ്രത്യാശ പ്രകടിപ്പിച്ചു.

We use cookies to give you the best possible experience. Learn more