തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തെതുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് സമരക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയത്.
മാധ്യമങ്ങളെ സംഭവസ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധം പൊലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ചീഫ് സെക്രട്ടറി നേരിട്ടെത്തി സമരക്കാരെ വിലക്കിയത്.
സെക്രട്ടറിയേറ്റിനുള്ളില്‍ രാഷ്ട്രീയ പ്രസംഗവും സമരവും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്തം നിഷ്പക്ഷമായി അന്വേഷിക്കുമെന്നും ഒന്നും മറച്ചു വെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാനമായ രേഖകളെല്ലാം സുരക്ഷിതമാണെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി ഹണി പറഞ്ഞു.
ജീവനക്കാരന് കൊവിഡ് ബാധിച്ചതിനാല്‍ മറ്റ് ഉദ്യോഗസ്ഥരെല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.
ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്റെ ഫയലുകളാണ് നശിച്ചതെന്നും അവയൊന്നും പൂര്‍ണ്ണമായി നശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സുപ്രധാനമായ ഫയലുകളെല്ലാം സുരക്ഷിതമാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല’, ഹണി പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണിതെന്ന് ചെന്നിത്തല പറഞ്ഞു.
വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ള രേഖകളെല്ലാം പ്രോട്ടോക്കോള്‍ വിഭാഗത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേന എത്തി തീ അണച്ചു.
കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
കന്റോണ്‍മെന്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chief Secretary Vishwas Mehta dismisses media from secretariat