ഗസയില്‍ തുടങ്ങിവെച്ച ജോലി പൂര്‍ത്തിയാക്കൂ; ഇസ്രഈലിനോട് ഫ്രഞ്ച് ജൂത നേതാവ്
World News
ഗസയില്‍ തുടങ്ങിവെച്ച ജോലി പൂര്‍ത്തിയാക്കൂ; ഇസ്രഈലിനോട് ഫ്രഞ്ച് ജൂത നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2024, 5:06 pm

പാരിസ്: ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം തുടരുന്നതിനിടെ ഗസയില്‍ നടക്കുന്ന കൂട്ടക്കുരിതിയില്‍ ഇസ്രഈലിന് പിന്തുണയുമായി ഫ്രഞ്ച് മുഖ്യ ജൂത നേതാവ് ഹൈം കൊര്‍സിയ. ഫ്രാന്‍സിലെ ബി.എഫ്.എം ടി.വിയുടെ ഒരു ടെലിവിഷന്‍ ഷോയ്ക്കിടയിലാണ് കൊര്‍സിയ താന്‍ ഇസ്രഈലിനെ നിരുപാധികം പിന്തുണയ്ക്കുന്നതായും ഗസയില്‍ തുടങ്ങി വെച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രഈലിനോട് ആവശ്യപ്പെടുകയും ചെയ്തത്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഹൈമിന്റെ പ്രസ്താവന.

ഗാസയിലെ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളെ കേവലം യുദ്ധത്തിന്റെ ഭാഗം മാത്രമാണെന്ന് വിശേഷിപ്പിച്ച കൊര്‍സിയ ഇസ്രഈല്‍ നിലവില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവരുടെ പൗരന്മാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും അഭിപ്രായപ്പെട്ടു.

‘ഇസ്രഈല്‍ അവര്‍ തുടങ്ങിവെച്ച ജോലി എത്രയും വേഗം തീര്‍ത്താല്‍ എല്ലാവരും സന്തോഷിക്കും. കാരണം എന്നാല്‍ മാത്രമെ എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചിലരെ(ഹമാസ്) ഒഴിവാക്കി പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. ഈ യുദ്ധം ഒരിക്കലും ഇസ്രഈലും ഫലസ്തീനും തമ്മിലല്ല മറിച്ച് ഹമാസും ഇസ്രഈലും തമ്മിലാണ്. അതിനാല്‍ തന്നെ സ്വന്തം സൈനികരെ ഉപയോഗിച്ച് ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ തെറ്റുള്ളതായി എനിക്ക് തോന്നുന്നില്ല,’ കൊര്‍സിയ പ്രതികരിച്ചു.

എന്നാല്‍ ഇസ്രഈലിന്റെ ഈ പ്രവൃത്തികള്‍ ഗസയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്നില്ലേ എന്ന അവതാരകയയുടെ ചോദ്യത്തിന് ഈ യുദ്ധം അവരുടെ പൗരന്മാരെ സംരക്ഷിക്കാന്‍ ജൂതരാഷ്ട്രം നടത്തുന്നതാണെന്നും ഇത്തരത്തിലൊരു യുദ്ധം ചെയ്യാന്‍ ഇസ്രഈലിനല്ലാതെ ലോകത്തിലെ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്നും അത് സമ്മതിക്കാന്‍ തനിക്ക് ലജ്ജയില്ലന്നും കൊര്‍സിയ പറഞ്ഞു.

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രഈല്‍ പൗരന്മാരുടെ മരണത്തില്‍ അപലപിച്ച താങ്കള്‍ ഗാസയിലെ കൂട്ടക്കുരുതിയെ അപലപിക്കുമോ എന്ന ചോദ്യത്തിന് അത് രണ്ടും വ്യത്യസ്തമാണെന്നായിരുന്നു കൊര്‍സിയയുടെ പ്രതികരണം.

ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലി അംഗമായ ഹൈം കൊര്‍സിയ സഭയിലെ ലിവിങ് പാര്‍ട്ടിയുടെ പ്രതിനിധിയാണ്. കൂടാതെ ഫ്രാന്‍സിലെ ജൂത സമൂഹത്തിന്റെ മുഖ്യ നേതാക്കളിലൊരാളുമാണ് ഇദ്ദേഹം. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാടുകളെ തള്ളി ഫ്രാന്‍സിലെ മറ്റൊരു പാര്‍ലമെന്റ് അംഗമായ അയ്മറിക് കാരോണ്‍ രംഗത്തെത്തി.

കഴിഞ്ഞ കുറച്ച് കാലങ്ങളായി പലരുടേയും മുഖംമൂടികള്‍ അഴിഞ്ഞ് വീഴാന്‍ തുടങ്ങിയെന്നും ഗസയിലെ വംശഹത്യയെ യുദ്ധക്കുറ്റം എന്ന് നിശബ്ദമായി വിശേഷിപ്പ കൊര്‍സിയക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ കോടതിയെ സമീപിച്ചേക്കുമെന്ന് താന്‍ കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തോടെ ആരംഭിച്ച ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ ഇതുവരെ 40,000 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും 93,000 പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഗസയിലെ വെടി നിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഈജിപ്തിലെ കൈറോയില്‍ നടന്ന ചര്‍ച്ച ഇതുവരെ സമവായവിലെത്തിയിട്ടില്ല.

Content Highlight: chief rabbi of France told Israel to finish the job in Gaza