ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യയുടെ ആണവ സുരക്ഷ സേനാ തലവന്‍ കൊല്ലപ്പെട്ടു
World News
ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യയുടെ ആണവ സുരക്ഷ സേനാ തലവന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th December 2024, 7:25 pm

മോസ്‌കോ: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് തിരിച്ചടി. ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യയുടെ ആണവ സുരക്ഷ സേനാ തലവന്‍ ഇഗോര്‍ കിറിലോവ് കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോബ് പൊട്ടിത്തെറിച്ചാണ് മരണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഉക്രൈന്‍ ഏറ്റെടുത്തിട്ടുണ്ട്.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് സമീപത്താണ് സ്‌ഫോടനം നടന്നത്. റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ ഡിഫന്‍സ് ട്രൂപ്പുകളുടെ മേധാവിയായിരുന്നു ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ്.

2022 ഫെബ്രുവരിയില്‍ റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഉക്രൈന്‍ റഷ്യന്‍ മണ്ണില്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയതായി റഷ്യ ആരോപിച്ചിരുന്നു. ഇതില്‍ 2022 ഓഗസ്റ്റില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ അള്‍ട്രാനാഷണലിസ്റ്റ് അലക്‌സാണ്ടര്‍ ഡുഗിന്റെ മകള്‍ ഡാരിയ ഡുഗിനയുടെ കൊലപാതകവും ഉള്‍പ്പെടുന്നുണ്ട്.

കൊലപാതകത്തില്‍ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്വദേവ് പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളുടെ സൈനിക പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഉക്രൈന്റെ ശ്രമമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ തന്നെ ഉക്രൈനിലെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനുള്ള തിരിച്ചടികള്‍ നേരിടുന്നതിനായി തയ്യാറായിരിക്കാനും ദിമിത്രി മെദ്വദേവ് ആവശ്യപ്പെട്ടു. ഉക്രൈനില്‍ നിരവധി ആളുകളെയാണ് രാസായുധം ഉപയോഗിച്ച്  ഇഗോര്‍ കിറിലോവ് കൊലപ്പെടുത്തിയത്.

കിറിലോവിനും അദ്ദേഹത്തിന്റെ കീഴിലുള്ള ആണവ സംരക്ഷണ സേനയും ഉക്രൈനെതിരായ യുദ്ധത്തില്‍ രാസായുധമായ ടോക്‌സിക് ഏജന്റ് ക്ലോറോപിക്രിന്‍ ഉപയോഗിച്ചതിന്റെ ഒന്നിലധികം റിപ്പോര്‍ട്ടുകളുണ്ട്.

ഒന്നാം ലോകമഹായുദ്ധസമയത്ത് കണ്ണീര്‍ വാതകത്തിന്റെ ഒരു രൂപമായി വ്യാപകമായി ഉപയോഗിച്ചിരുന്ന ചോക്കിംഗ് ഏജന്റ് എന്നറിയപ്പെടുന്ന ഒരു രൂക്ഷഗന്ധമുള്ള ദ്രാവകമാണ് ക്ലോറോപിക്രിന്‍. രാസായുധ നിരോധന സംഘടന ഇതിന്റെ ഉപയോഗം  നിരോധിച്ചതാണ്.

Content Highlight: Chief of Russia’s nuclear protection forces killed in bomb blast in Moscow