| Thursday, 20th May 2021, 3:13 pm

മുഖ്യമന്ത്രിമാരെ മിണ്ടാന്‍ സമ്മതിക്കുന്നില്ല, കളിപ്പാവകളായി നിര്‍ത്തി അപമാനിക്കുകയാണ്; പ്രധാനമന്ത്രിയുടെ കൊവിഡ് യോഗങ്ങള്‍ ഭൂലോക തോല്‍വിയാണെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങള്‍ വന്‍പരാജയമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും മമത ബാനര്‍ജി ആരോപിച്ചു. മുഖ്യമന്ത്രിമാരെ കളിപ്പാവകളായാണ് കാണുന്നതെന്നും രാജ്യത്ത് ഏകാധിപത്യഭരണമാണ് നിലനില്‍ക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.

‘പ്രധാനമന്ത്രി ഒരു മീറ്റിംഗ് വിളിച്ച് അതിലേക്ക് മുഖ്യമന്ത്രിമാരെ ഇന്‍വൈറ്റ് ചെയ്തു. എന്നിട്ട് എല്ലാ മുഖ്യമന്ത്രിമാരെയും കളിപ്പാവകളെ പോലെ നിര്‍ത്തിയിരിക്കുകയാണ്. നമുക്ക് സംസാരിക്കാന്‍ അനുവാദമില്ല. പിന്നെ നമ്മള്‍ എങ്ങനെ പൊതുജനങ്ങളുടെ ആവശ്യമെന്താണെന്ന് അറിയിക്കും.

ഞങ്ങള്‍ അടിമവേല ചെയ്യുന്ന ജോലിക്കാരൊന്നുമല്ല. ഞങ്ങളെ അപമാനിച്ചതായി തന്നെയാണ് തോന്നിയത്. സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ പോലും അനുവദിക്കാതിരിക്കാന്‍ മാത്രം പേടിച്ചിരിക്കുകയാണ് മോദി. എന്തിനായാണ് ഇങ്ങനെ പേടിക്കുന്നത്,’ മമത ബാനര്‍ജി ചോദിച്ചു.

പ്രധാനമന്ത്രി കൊവിഡ് 19 സാഹചര്യം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ഓക്‌സിജന്‍, വാക്‌സിന്‍, കൊവിഡ് മരുന്നുകള്‍ എന്നിവ സംബന്ധിച്ചുള്ള സംസ്ഥാനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും മോദി വഴുതിമാറുകയാണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.

‘ഫെഡറല്‍ സംവിധാനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാന്‍ സമയമുള്ള കേന്ദ്രത്തിന് മുഖ്യമന്ത്രിമാരെ കേള്‍ക്കാന്‍ മാത്രം സമയമില്ല. രാജ്യം ഇത്രയു നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും പ്രധാനമന്ത്രി എല്ലാം നിസാരമായാണ് എടുക്കുന്നത്.

വന്‍ പരാജയമായ മീറ്റിങ്ങാണ് കഴിഞ്ഞത്. ആളുകള്‍ ഇവിടെ മരിച്ചുവീഴുമ്പോഴും ദല്‍ഹിയിലെ രാജാധിരാജന്‍ ഇവിടെ എല്ലാം നന്നായിപോകുന്നു എന്ന് പറഞ്ഞിരിക്കുകയാണ്,’ മമത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Chief Ministers sit like puppets, not allowed to speak at Covid meet with PM Modi, Mamata Banerjee

We use cookies to give you the best possible experience. Learn more