| Tuesday, 5th September 2023, 5:25 pm

'ഇന്ത്യ സംഖ്യത്തിന്റെ പേര് ഭാരതമെന്നാക്കിയാല്‍ നിങ്ങളെന്ത് ചെയ്യും'? പേരുമാറ്റത്തില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനൊരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനിരയിലെ മുഖ്യമന്ത്രിമാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാ സഖ്യം രൂപീകരിച്ചതിനാലാണോ ഇപ്പോഴത്തെ പേരുമാറ്റമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.

ഇന്ത്യാ സഖ്യം അതിന്റെ പേര് ഭാരത് എന്ന് മാറ്റിയാല്‍ ഇവര്‍ വീണ്ടും പേര് മാറ്റുമോയെന്നും അദ്ദേഹം പരിഹസിച്ചു. ദല്‍ഹി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

ലോകം നമ്മുടെ രാജ്യത്തെ അറിയുന്നത് ഇന്ത്യ എന്ന പേരിലാണെന്നും രാജ്യത്തിന്റെ പേര് മാറ്റാന്‍ പെട്ടെന്ന് എന്താണിവിടെ സംഭവിച്ചതെന്നുമായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചോദ്യം.

‘ഇന്ത്യയുടെ പേര് മാറ്റുന്നതായി ഞാന്‍ അറിഞ്ഞു. നമ്മള്‍ രാജ്യത്തെ ഭാരതം എന്ന് വിളിക്കാറുണ്ട്, ഇതില്‍ എന്താണിത്ര പുതുമ. പക്ഷെ ഇംഗ്ലീഷില്‍ പറയുന്നത് ഇന്ത്യ എന്നാണ്. ലോകം നമ്മെ ഇന്ത്യ എന്ന പേരിലാണ് അറിയുന്നത്,’ ഒരു സര്‍ക്കാര്‍ ചടങ്ങില്‍ സാംരിക്കവെ മമത പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിപക്ഷത്തിനുള്ളിലെ ഐക്യത്തിന്റെ ശക്തി ബി.ജെ.പി തിരിച്ചറിയുന്നതിനാലാണ് ഇന്ത്യ എന്ന ഒറ്റ പദത്താല്‍ ബി.ജെ.പി തളര്‍ന്നുപോയെന്നായിരുന്നു വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതികരണം.

‘ഇന്ത്യയെ ‘ഭാരത’മാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കാന്‍ ബി.ജെ.പി ഇതര ശക്തികള്‍ ഒന്നിക്കുകയും അതിന് ഇന്ത്യ എന്ന് ഉചിതമായി പേരിടുകയും ചെയ്തതിന് ശേഷമാണ് ഈ മാറ്റത്തിനുള്ള ശ്രമം നടക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും,’ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ 9,10 തിയ്യതിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്നാണ് എഴുതിയത്.


Content Highlight:  Chief Ministers of the opposition have reacted on the issue, 
Name of India is about to be changed to Bharat

We use cookies to give you the best possible experience. Learn more