| Tuesday, 28th August 2018, 8:09 am

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; സംഭാവന 700 കോടി കവിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ദിവസം വരെ ലഭിച്ച സംഭാവന 700 കോടിയിലേറെ. ആഗസ്റ്റ് 27 രാത്രി ഏഴ് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 713.92 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ട് വഴിയാണ് ഏറ്റവും അധികം തുക ലഭിച്ചിട്ടുള്ളത്. 518.24 കോടി രൂപയാണ് ഈ അക്കൗണ്ട് വഴി എത്തിയത്. CMDRF പേമെന്റ് ഗേറ്റ്-വെയിലെ ബാങ്കുകളും യു.പി.ഐകളും വഴി വന്ന സംഭാവന 132.68 കോടിയാണെങ്കില്‍ പേടിഎം വഴി ലഭിച്ചത് 43 കോടി രൂപയാണ്.


മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വന്‍പിന്തുണ; ആഹ്വാനം ഏറ്റെടുത്ത് നിരവധി പ്രമുഖരും സര്‍ക്കാര്‍ ജീവനക്കാരും


മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെക്കുകളും ഡ്രാഫ്റ്റുകളുമായി മാത്രം 20 കോടി രൂപ ലഭിച്ചിട്ടുണ്ട്. അവധി ദിവസങ്ങളില്‍ മറ്റ് ഓഫീസുകളില്‍ എത്തിയിട്ടുള്ള തുകകള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. നാല് ലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ വഴി ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് സംഭാവന നല്‍കിയത്.

നേരത്തെയുള്ള എട്ട് ബാങ്കുകള്‍ക്ക് പുറമേ ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയും ഇനി മുതല്‍ പണമടക്കാം.

We use cookies to give you the best possible experience. Learn more