തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയും മുന്‍ കരുതല്‍ ഇല്ലായ്മയും കൊണ്ടാണ് കേരളത്തിന് ഇത്രവലിയ ദുരന്തം നേരിടേണ്ടി വന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി. ഇന്നത്തെ പത്രസമ്മേളനത്തിലാണ് പ്രതിപക്ഷത്തിന്റെ ഓരോ ആരോപണങ്ങളായി എടുത്ത് മുഖ്യമന്ത്രി മറുപടി നല്‍കിയത്
1. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിനിടയാക്കിയത്
ഉ. ജൂലൈ 30നും ആഗസ്റ്റ് 9നും ആഗസ്റ്റ് 14നും പ്രതിപക്ഷ നേതാവ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം മറക്കുകയാണ്. “ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നു” ഇനി 0.36 അടി കൂടെ നിറഞ്ഞാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും, ഷട്ടര്‍ തുറക്കുക അനിവാര്യമായി തീര്‍ന്നിരിക്കുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പോസ്റ്റ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കി എന്നത് വ്യക്തമാണ്
2. 1924ല്‍ നടന്നത് പ്രകൃതിസൃഷ്ടിയായ ദുരന്തമായിരുന്നു, ഇപ്പൊള്‍ നടന്നിരിക്കുന്ന സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തമാണ്
ഉത്തരം. 2018 ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 20 വരെ കേരളത്തിന് ലഭിച്ചത് 2500 മില്ലിമീറ്റര്‍ മഴയാണ്. 1924ല്‍ 3368മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. 1924ലെ കണക്ക് കാലവര്‍ഷവും തുലാവര്‍ഷവും ചേര്‍ത്തുള്ളതാണ്. അന്ന് കേരളത്തില്‍ ഒരു ഡാം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് 42 മേജര്‍ ഡാമുകളടക്കം ആകെ 82 ഡാമുകള്‍
കേരളത്തിലുണ്ട്. ഈ ഡാമുകളെ മാനേജ് ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് സത്യം. അതുകൊണ്ടാണ് 1924നേക്കാള്‍ രൂക്ഷമായ മഴ ഉണ്ടായിട്ടും അപായങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചത്. അച്ചന്‍ കോവിലാര്‍, മണിമലയാര്‍, മീനച്ചിലാര്‍, ചാലിയാര്‍ എന്നിവടങ്ങളിലൊന്നും ഡാമില്ല.
3. ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിന് പിശക് സംഭവിച്ചു
ഉത്തരം. ഇത്തവണ ആഗസ്റ്റ് ഒന്ന് മുതല്‍ 19 വരെ 759.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ വര്‍ഷങ്ങളില്‍ 287.5 മില്ലിമീറ്റര്‍ മഴയാണ് ശരാശരി ലഭിക്കുന്നത്. 164 ശതമാനം അധികം മഴ ലഭിച്ചു. കേരളത്തില്‍ എല്ലാ വര്‍ഷങ്ങളിലും
നിറഞ്ഞ് കവിയുന്ന ഡാമുകള്‍ ഒഴിച്ച് മറ്റെല്ലാ ഡാമുകളിലും ബ്ലൂ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിങ്ങനെ കൃത്യമായ അറിയിപ്പുകളോടെയാണ്് വെള്ളം തുറന്ന് വിട്ടത്. ഈ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ പഠിക്കണമായിരുന്നു. ഇങ്ങനെ പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കരുത്.
4. വയനാട്ടിലെ ബാണസുരസാഗര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നു
ഉത്തരം: ബാണസുര ഡാം എല്ലാ വര്‍ഷവും നിറയുന്നതും, തുറക്കുന്നതുമാണ്. ഇത് മണ്ണുകൊണ്ടുണ്ടാക്കിയ ഡാമാണ്. ഫുള്‍ റിസര്‍വോയര്‍ ലെവലിന് മുകളില്‍ വെള്ളം സംഭരിക്കാനുള്ള ശേഷി ഡാമിനില്ല.
5. ജലവിഭവ മന്ത്രിയും വൈദ്യുതി വകുപ്പ് മന്ത്രിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു
ഉത്തരം: ഇത് രമേശ് ചെന്നിത്തലയുടെ ഭാവനയാണ്
6. ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയായിട്ടും ട്രയല്‍ റണ്‍ നടത്തിയില്ല
ഉത്തരം: ഇടുക്കിയില്‍ 2397 അടിയായാപ്പോള്‍ ട്രയല്‍ റണ്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു, എന്നാല്‍ ഇതിന് മുമ്പ് തന്നെ ഇടമലയാറില്‍ വെള്ളം നിറയുകയും അതേത്തുടര്‍ന്ന് ഇടമലയാര്‍ ഡാം ആഗസ്റ്റ് 8ന് തുറക്കുകയും ചെയ്യേണ്ടി വന്നു, ഇതുകൊണ്ടാണ് ട്രയല്‍ റണ്‍ നടത്താന്‍ സാധിക്കാതിരുന്നത്.
ഉത്തരങ്ങള്‍ക്ക് ശേഷം, ബി.ജെ.പി നേതാക്കളും ഇതേ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും, അവര്‍ക്ക് വേറെ മറുപടി പറയുന്നില്ല, ഇത് രണ്ട് കൂട്ടര്‍ക്കും ഉള്ള മറുപടിയായി കണ്ടാല്‍ മതി എന്നും പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ചത്.