ഗോരഖ്പൂര്‍: ഗോരഖ്പൂരിലെ എയിംസ് ബാക്ക് ഗ്രൗണ്ടാക്കി കൊണ്ട് സെല്‍ഫിടെയുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തരുമായി നടത്തിയ യോഗത്തിലായിരുന്നു യോഗിയുടെ തീരുമാനം.
‘നിങ്ങളെല്ലാവരും എയിംസിന്റെ മുന്‍പില്‍ പോകണം. ഒരു സെല്‍ഫിയെടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യൂ. വോട്ടര്‍മാര്‍ അറിയട്ടെ ഗോരഖ്പൂര്‍ എത്ര വികസിച്ചുവെന്ന്. അവര്‍ മുംബൈയിലേക്കോ, ലക്‌നൗവിലേക്കോ, ദല്‍ഹിയിലേക്കോ പോകേണ്ടെന്ന് അറിയട്ടെ’ എന്നായിരുന്നു യോഗിയുടെ പരാമര്‍ശം.
നേരത്തെ ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ് ) പരാമര്‍ശത്തില്‍ ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് അയച്ചിരുന്നു.
വര്‍ഗീയ പരാമര്‍ശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെയായിരുന്നു സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ‘ബാബര്‍ കീ ഔലാദ്’ (ബാബറിന്റെ മകന്‍) എന്ന് യോഗി അഭിസംബോധന ചെയ്തത്.
‘സംഭാലില്‍ എസ്.പി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത് അംബേദ്ക്കറുടെ പ്രതിമയില്‍ ഹാരമര്‍പ്പിക്കാന്‍ മടിക്കുകയും വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിക്കുകയും ബാബറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്നയാളാണ്. നിങ്ങളുടെ വോട്ടിന് ഇയാള്‍ അര്‍ഹനല്ല’ എന്നായിരുന്നു യോഗി പറഞ്ഞത്.
വികസന വിരുദ്ധരും വഞ്ചകരും ഭീകരവാദികളും ബജ്‌റംഗബലിയുടെ വിശ്വാസത്തെ എതിര്‍ക്കുന്നവരുമായ ആളുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൊടുക്കുമോയെന്നും യോഗി ചോദിച്ചു.മൂന്നു ദിവസം ബജ്‌റംഗ ബലിയെ സാധന ചെയ്തിട്ടാണ് താന്‍ വരുന്നതെന്നും മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് യോഗി പറഞ്ഞിരുന്നു.
80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ ഇതുവരെ 26 ലോക്‌സഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഴു ഘട്ടങ്ങളായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക.