ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് കേന്ദ്രം പ്രത്യേക പദവി (സ്‌പെഷ്യല്‍ കാറ്റഗറി സ്റ്റാറ്റസ്) തരുമെന്ന പ്രതീക്ഷയിലാണ് താനെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി. പാര്‍ലമെന്റില്‍ വാഗ്ദാനം ചെയ്തത്‌പോലെ സംസ്ഥാനത്തിന് ഇന്നല്ലെങ്കില്‍ ഭാവിയില്‍ പ്രത്യേക പദവി അനുവദിക്കുമെന്ന് കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിജയവാഡയിലെ ഐ.ജി.എം.സി സ്‌റ്റേഡിയത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയിലല്ല ഭരിക്കുന്നത്, അതുകൊണ്ട് ഇപ്പോള്‍ കിട്ടുമെന്ന് കരുതുന്നില്ല. പക്ഷെ ഇന്നല്ലെങ്കില്‍ നാളെ ദൈവാനുഗ്രഹംകൊണ്ട് രാജ്യത്തെ സ്ഥിതിഗതികള്‍ മാറും. അപ്പോള്‍ കേന്ദ്രത്തിന്റെ മനസ്സും മാറും, ഭാവിയില്‍ സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കും,’ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കുന്നത് വരെ ആവശ്യം ഉന്നയിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അധികാര വികേന്ദ്രീകരണത്തിലാണ് തങ്ങളുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും ഇപ്പോഴുണ്ടായ മുറിവുകള്‍ ഉണങ്ങാന്‍ ഇതാണ് പറ്റിയ നയമെന്നും റെഡ്ഡി പറഞ്ഞു.
‘സംസ്ഥാനം ഇത്തരം മുറിവുകള്‍ ഇനിയും അനുഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി മൂന്ന് പ്രദേശങ്ങളെ തലസ്ഥാനമായി മാറ്റിയിട്ടുണ്ട്. വിശാഖപട്ടണത്തെ എക്‌സിക്യൂട്ടിവ് കാപിറ്റലാക്കാനും കുര്‍ണൂലിനെ ജുഡീഷ്യല്‍ കാപിറ്റല്‍ ആക്കാനുമുള്ള ആദ്യപടി ഉടന്‍ തന്നെ ആരംഭിക്കും,’ മന്ത്രി പറഞ്ഞു.
തന്റെ 14 മാസത്തെ ഭരണത്തില്‍ നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം തുടങ്ങി ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.