| Monday, 11th March 2024, 7:57 pm

സി.എ.എ വിജ്ഞാപനം; അടിവരയിട്ടു പറയുന്നു, കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് അടിവരയിട്ട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സി.എ.എ നിയമം ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്താനുമുള്ളതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഇസ്‌ലാം മതവിശ്വാസികള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്നും മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തെ നിര്‍വചിക്കുന്നത് തെറ്റാണെന്നും സി.പി.ഐ.എം വ്യക്തമാക്കി. കേന്ദ്രത്തിന്റെ നീക്കം മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും സി.പി.ഐ.എം പറഞ്ഞു.

ജനകീയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കണക്കിലെടുക്കാതെ വര്‍ഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാര്‍ കാണിക്കുന്നതെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

സി.എ.എയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി, കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ പാര്‍ട്ടി ഹരജി ഫയല്‍ ചെയ്യുകയും മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയില്‍ സി.പി.ഐ.എം മനുഷ്യ ചങ്ങല തീര്‍ക്കുകയും ചെയ്തിരുന്നു.

കൂടാതെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക നീക്കമാണിത്. 2019ല്‍ പാസാക്കിയ സി.എ.എ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിയമവുമായി മുന്നോട്ട് പോകാന്‍ പിന്നീട് സര്‍ക്കാരിന് സാധിച്ചിരുന്നില്ല.

Content Highlight: Chief Minister will not implement Citizenship Amendment Act in Kerala

We use cookies to give you the best possible experience. Learn more