| Monday, 19th August 2024, 12:08 pm

ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണം; ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതരായ ഓരോ കുടുംബവും കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവരും അവര്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നും മറ്റും വായ്പകള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് വീട് നിർമിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കാം. എന്നാല്‍ ഉരുള്‍പൊട്ടലില്‍ ഈ വീട് തന്നെ നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോണ്‍ എടുത്ത് വാങ്ങിയ വാഹനം അടക്കമുള്ള വസ്തുക്കള്‍ ഉരുള്‍പൊട്ടലില്‍ കുടുബങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

വയനാട് ഒരു കാര്‍ഷിക ഭൂമിയാണെന്നും എന്നാല്‍ മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ വയനാടിന്റെ ഘടനയില്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപജീവനമാര്‍ഗത്തിനായി വായ്പയെടുത്ത് വാങ്ങിയ കന്നുകാലികളെയും ദുരന്തബാധിതര്‍ക്ക് നഷ്ടമായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി വായ്പ ബാധ്യതകളാണ് മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍ നിലവില്‍ അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യവും ലോകവും വയനാട്ടിലെ ജനനങ്ങളോടൊപ്പം നില്‍ക്കുന്നുണ്ട്. എന്നാല്‍ വായ്പയുടെ കാര്യത്തിലും സ്ഥാപനങ്ങള്‍ സമാനമായ പിന്തുണ നല്‍കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഉരുള്‍പൊട്ടലുണ്ടായ ഇടം ചെറിയ ഒരു ഭൂപ്രദേശമാണ്. ഇവിടെയുള്ള ആളുകള്‍ എടുത്ത വായ്പകളില്‍ ദുരന്തബാധിതര്‍ക്ക് അനുകൂലമായ ഒരു തീരുമാനം ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ പറഞ്ഞു.

ഇതില്‍ മാതൃകാപരമായ തീരുമാനമാണ് ഉണ്ടാകേണ്ടത്. സാധാരണ നിലയില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടികളായ, പലിശയില്‍ ഇളവ് കൊടുക്കുന്നതും തിരിച്ചടവിന്റെ കാലാവധി നീട്ടുന്നതും ഒരു പരിഹാര മാർഗമല്ല. വായ്പ എടുത്തവരുടെയും ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കടം ബാങ്കുകള്‍ മൊത്തമായി എഴുതി തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടം എഴുതിത്തള്ളുമ്പോള്‍ ആ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ നികത്തണമെന്ന നിലപാടിലേക്ക് ബാങ്കുകള്‍ എത്തരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലുള്ള കടങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്ന ഒരു ബാങ്കിനും താങ്ങാനാകാത്തതല്ല. ബാങ്കുകളുടെ മുഴുവന്‍ ഇടപാടുകളെയും ഒരു ചെറിയ അംശം മാത്രമാണ് ഈ വായ്പ തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയത്തില്‍ കേരള ബാങ്ക് സ്വീകരിച്ച നിലപാട്, മറ്റു ബാങ്കുകളും മാതൃകയാക്കി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്ക്, നബാര്‍ഡ് അടക്കമുള്ള ഉന്നത സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം ദുരന്തബാധിതരായ ആളുകളില്‍ നിന്ന് ഇ.എം.ഐ പിടിച്ചെടുത്ത കല്‍പ്പറ്റയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ബാങ്ക് ഉപരോധിക്കുകയായിരുന്നു.

പിടിച്ചെടുത്ത പണം തിരിക നല്‍കണം, ബാങ്ക് അധികൃതര്‍ മാപ്പ് പറയണം, ഇ.എം.ഐ ഈടാക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ആവശ്യം നടപ്പിലാക്കാത്ത പക്ഷം പ്രതിഷേധം തുടരുമെന്ന് യുവജന സംഘടനകള്‍ വ്യക്തമാക്കി.

Content Highlight: Chief Minister wants to write off all the loans of disaster victims

We use cookies to give you the best possible experience. Learn more