കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി; ഹര്‍ഷ് വര്‍ധന്‍ ഗോയെങ്കയുടെ ട്വീറ്റ് ഷെയര്‍ ചെയ്ത് സാബു ജേക്കബിന് മറുപടി
Kerala News
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി; ഹര്‍ഷ് വര്‍ധന്‍ ഗോയെങ്കയുടെ ട്വീറ്റ് ഷെയര്‍ ചെയ്ത് സാബു ജേക്കബിന് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th July 2021, 12:30 pm

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറഞ്ഞ കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണെന്ന് പറഞ്ഞ ആര്‍.പി.ജി. ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്കയുടെ ട്വീറ്റ് ഷെയര്‍ ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ കാരണം സി.പി.ഐ.എം. നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്ന് ആരോപണമുണ്ടെന്ന് കുറിപ്പുമായി വലതുപക്ഷ മാഗസിനായ സ്വരാജ്യ ഒരു ലേഖനം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു പ്രൊഫ. ഷാമികയുടെ പ്രതികരണം. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.
‘ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍. കേരള സര്‍ക്കാര്‍ അത്യധികം പിന്തുണ നല്‍കുന്നവരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്,’ എന്നായിരുന്നു ഹര്‍ഷ് ഗോയെങ്കയുടെ ട്വീറ്റ്.

‘കേരളത്തില്‍ എന്തുകൊണ്ടാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം വര്‍ധിക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവര്‍ വായിച്ചിരിക്കേണ്ട കേസ് സ്റ്റഡിയാണിത്,’ എന്നായിരുന്നു ഷാമികയുടെ ട്വീറ്റ്.

അതേസമയം, സാബു എം. ജേക്കബിന് മറുപടിയുമായി ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണും രംഗത്തെത്തിയിരുന്നു. ഒരു നാട്ടില്‍ വ്യവസായ സ്ഥാപനം ആരംഭിച്ച്, അവിടുത്തെ സ്രോതസുകളെല്ലാം ഉപയോഗിച്ച് വളര്‍ന്നു വന്‍മരം ആയശേഷം അതേ മണ്ണിനെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.

‘കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങള്‍ ഈ കുറ്റം പറയുന്ന കേരളത്തില്‍ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ?,’ ഷിബു ബേബി ജോണ്‍ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Chief Minister says Kerala is an industry friendly state