| Sunday, 20th October 2024, 9:07 pm

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കഴിയില്ല: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: ബി.ജെ.പി സര്‍ക്കാരുകള്‍ മനഃപൂര്‍വം സൃഷ്ട്ടിക്കുന്ന സംഘര്‍ഷങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബി.ജെ.പിയും ജമാഅത്തെ ഇസ്‌ലാമിയും സര്‍ക്കാരിനെതിരെ ആരോപന്നങ്ങള്‍ അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എച്ച്. കണാരന്‍ ദിനാചരണം അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാലത്തും ബി.ജെ.പിക്കെതിരായ നിലപാടുകളാണ് ഈ പാര്‍ട്ടി സ്വീകരിച്ചു വരുന്നത്. ആ നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഭാഗത്ത് നിന്നുകൊണ്ട് മാത്രമേ വരഗീതയെ ചെറുക്കാന്‍ കഴിയു. വര്‍ഗീയത കൊണ്ടും മൃതുവര്‍ഗീയത കൊണ്ടും വര്‍ഗീയതയെ ഇല്ലാതാക്കാനാകില്ല. ഇത്തരം നീക്കങ്ങള്‍ വര്‍ഗീയതയ്ക്ക് പ്രോത്സാഹനമാണ് നല്‍കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലും വര്‍ഗീയ ശക്തികളുണ്ട്. എന്നാല്‍ മറ്റുളള ഇടങ്ങളിലെ പോലെ കേരളത്തിലെ വര്‍ഗീയ ശക്തികള്‍ക്ക് സംസ്ഥാനത്ത് അഴിഞ്ഞാടാന്‍ കഴിയുന്നില്ല. കാരണം കേരളത്തില്‍ വര്‍ഗീയതോട് വിട്ടുവീഴ്ചയില്ലാതെ സമീപനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തരത്തിലുള്ള വര്‍ഗീയതയാണ് ഉള്ളത്. ന്യൂനപക്ഷ വര്‍ഗീയതും ഭൂരിപക്ഷ വര്‍ഗീയതയും. ഇവ രണ്ടും പരസ്പരം പൂരകങ്ങളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷത്തിന്റെ അതിക്രമങ്ങളോടുള്ള പ്രതിരോധം എന്ന നിലയിലായിരിക്കും ന്യൂനപക്ഷ വര്‍ഗീയത ആരംഭിക്കുക. പക്ഷെ ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തിരിച്ചും പ്രോത്സാഹനം നല്‍കുന്നു. അതുകൊണ്ടാണ് ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ എല്ലാകാലത്തും പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫിനെ ഇല്ലാതാക്കുമെന്ന രീതിയിലുള്ള ഭീഷണികള്‍ തങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി. ബി.ജെ.പിയും എന്‍.ഡി.എയും നടത്തുന്ന ആരോപണങ്ങള്‍ സമാനമായി ആരോപ്പിച്ചല്ലേ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ പക്ഷത്ത് നിര്‍ത്താന്‍ യു.ഡി.എഫ് ശ്രമിക്കുന്നുണ്ടെങ്കിലും അത് നടക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഉള്‍വലിവുകള്‍ അറിയാവുന്നവര്‍ തന്നെ ഇപ്പോള്‍ എല്ലാം വിളിച്ചുപറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡീലുകള്‍ പുറത്തുവന്നതില്‍ കോണ്‍ഗ്രസിന് വലിയ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മുകാരുടെ ആക്രമണം തടയുന്നതിനായി ആര്‍.എസ്.എസ് ക്യാമ്പിലേക്ക് തന്റെ അനുയായികളെ അയച്ചുവെന്ന് പറയുന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുള്ള നാടാണ് നമ്മുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണ് നില്‍ക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളെ മുഴുവന്‍ കൂട്ടുപിടിച്ച് സര്‍വസന്നാഹവുമായി എല്‍.ഡി.എഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ചിലര്‍ വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനങ്ങളോട് തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Chief Minister said that the Left parties are the ones who stand against the conflicts deliberately created by the BJP governments

We use cookies to give you the best possible experience. Learn more