ഇ.ഡിയുടെ ഉത്സാഹം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി
Kerala News
ഇ.ഡിയുടെ ഉത്സാഹം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 9:25 pm

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ ലക്ഷ്യംവെച്ചുള്ള ഇ.ഡി നടപടി ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് സംശയിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയില്‍ സാധരണ ഗതിയില്‍ നിന്ന് വ്യത്യസ്തമായി ആരങ്കിലും ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണം എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1.5 ശതമാനത്തില്‍ താഴെ സംഘങ്ങളിലാണ് ചില ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതിനര്‍ഥം കേരളത്തിന്റെ സഹകരണ മേഖല മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. വലിയൊരു പാത്രത്തിലുള്ള ചോറില്‍ കറുത്തൊരു വറ്റുണ്ട്. എന്ന് കരുതി ഇതൊകെ മോശം ചോറാണെന്ന് പറയാന്‍ പറ്റുമോ. അതങ്ങ് എടുത്ത് കളയുക എന്നല്ലേ. സഹകരണ പ്രസ്ഥാനങ്ങള്‍ വലിയ സംഭാവനകള്‍ നമ്മുടെ നാടിന് വേണ്ടി ചെയ്തിട്ടുണ്ട്. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സഹകരണ മേഖലക്കെതിരായ നോട്ടുനിരോധന കാലത്തെ കള്ളപ്രചരണത്തെ നമ്മള്‍ അതിജീവിച്ചില്ലേ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്ക്. അത് തിരിച്ചറിഞ്ഞ് അതിനെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇടപെടല്‍ നടക്കുന്നത്.

കരുവന്നൂര്‍ വിഷയം വലിയ ഗൗരവത്തോടെയാണ് നമ്മള്‍ കണ്ടത്. അതിന്റെ ഭാഗമായുള്ള അന്വേഷണങ്ങള്‍ നടത്തിയത് വിജിലന്‍സാണ്. ക്രമക്കേട് തടയാന്‍ 50 വര്‍ഷം മുമ്പുള്ള നിയമം പരിഷ്‌കരിച്ചു. ഓഡിറ്റങ് ഫലപ്രദമാക്കി. എന്നിട്ടും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് ഇവിടെ നടക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നുണ്ടോ എന്ന് സംശയിക്കണം. മറ്റ് പല സംസ്ഥാനങ്ങളില്‍ നടക്കുന്ന ബാങ്കിങ് ക്രമക്കേടുകളിലും തട്ടിപ്പുകളിലും പൂര്‍ണനിസ്സംഗത പുലര്‍ത്തുന്ന ഏജന്‍സികള്‍ ഇവിടെ വല്ലാത്ത ഉത്സാഹം കാണിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Chief Minister said that he saw the enthusiasm of ED ahead of the Lok Sabha elections