| Tuesday, 22nd June 2021, 8:42 pm

എല്ലാം സഹിക്കുന്നത് ഉത്തമ സ്ത്രീയുടെ ലക്ഷണമെന്നും ഭാര്യയെ തല്ലുന്നത് ആണത്തമെന്നും കരുതുന്ന ധാരണ തിരുത്തണമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും എല്ലാം നിശബ്ദമായി സഹിക്കുന്നത് ഉത്തമ സ്ത്രീയുടെ ലക്ഷണമാണെന്നും കരുതുന്ന സംവിധാനം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏത് പ്രായത്തിലുമുള്ള വനിതകള്‍ നല്‍കുന്ന പരാതികളിലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് മാറ്റമുണ്ടാവണം. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിനായി ആര്‍. നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചു. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ആ കല്യാണം തനിക്ക് വേണ്ട എന്ന് പറഞ്ഞ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. എന്ത് കൊടുത്തു, എത്ര കൊടുത്തു എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പന ചരക്കായി മാറ്റുകയാണെന്ന് ഓര്‍ക്കണം. ഇതോടൊപ്പം ആണ്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.

വിവാഹത്തെ വ്യാപാരകരാറായി തരംതാഴ്ത്തരുത്. ഇത്തരം കാര്യങ്ങള്‍ വീടിനുള്ളില്‍ ചര്‍ച്ച ചെയ്യുന്നത് അവിടെ വളരുന്ന മക്കളില്‍ സ്വാധീനം ചെലുത്തുമെന്ന് ഓരോ ആളും മനസ്സിലാക്കേണ്ടതുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കരുത്.

ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരികവും മാനസ്സികവുമായ പീഡനം സഹിച്ച് കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെണ്‍കുട്ടികളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുകയുമരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവര്‍ത്തിത്വമാണ് ആവശ്യം.ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധം കുഞ്ഞുങ്ങളിലേക്ക് പകരരുത്.

ഭര്‍ത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ വിട്ടുഴവീഴ്ചയില്ലാതെ നിലപാടെടുക്കാന്‍ കഴിയണം. പെണ്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. സ്ത്രീ പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിന് ഉതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The Chief Minister said  loss of life of girls due to dowry abuse was not a trivial matter and that such issues would be taken seriously and the perpetrators would be severely punished.

We use cookies to give you the best possible experience. Learn more