കണ്ണൂര്‍: നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ ആക്ഷേപിക്കുന്നുവെന്നും, ആരേയെങ്കിലും ആക്ഷേപിക്കുന്ന രീതി സി.പി.ഐ.എമ്മിന് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സി.പി.ഐ.എം പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയം 2023 പരിപാടി ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നു. സര്‍ക്കാര്‍ ചെയ്ത സംരഭങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. പ്രതിപക്ഷം ഏതുകാര്യത്തേയും എതിര്‍ക്കുകയാണ്. നാടിന്റെ പിറവി ആഘോഷിക്കുന്നത് എങ്ങനെയാണ് ധൂര്‍ത്താവുക. മണ്ഡലസദസ് സംഘടിപ്പിക്കുന്നത് നാടിനെ പുരോഗതിയിലേക്ക് നയിക്കാനാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മന്ത്രിസഭയാകെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്തുന്നു. പൊതുവായി നടന്ന കാര്യങ്ങള്‍, ജില്ലയില്‍ നടന്ന കാര്യങ്ങള്‍, ആ മണ്ഡലത്തില്‍ നടന്ന കാര്യങ്ങള്‍ എന്നിവ അവതരിപ്പിക്കാനാണ് വരുന്നത്.
ഇനിയങ്ങോട്ട് സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്താണെന്നതും അവതരിപ്പിക്കും. ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. ഇത് നാടിനെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായിക്കും,’ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Chief Minister’s respond on opposition boycotting ‘Keraliyam’