കോഴിക്കോട്: വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞയാളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൗസില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരിക്കല്‍ ദല്ലാള്‍ നന്ദകുമാര്‍ തന്നെ കാണാന്‍ വന്നതെന്നും അദ്ദേഹത്തോട് അവിടെ വെച്ച് ഇറങ്ങിപ്പോകാന്‍ പറയാന്‍ അന്ന് തനിക്ക് മടിയുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസിലെ പരാതിക്കാരിക്കൊപ്പം വിവാദ ദല്ലാള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു എന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തിന് അടിയന്തരപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും ദല്ലാളിനോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ സതീശന് സാധിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ഇറങ്ങിപ്പോകാന്‍ പറഞ്ഞയാള്‍ക്ക് പിന്നീട് പെട്ടെന്ന് വന്ന് തന്നെ കാണാന്‍ പറ്റുന്ന മാനസിക നിലയുണ്ടാകുമെന്ന് തോന്നുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ദല്ലാള്‍ തന്നെ വന്നു കണ്ടു എന്നുള്ളത് കെട്ടിച്ചമച്ച കഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാരത്തില്‍ വന്ന് മുന്നാം ദിവസമാണ് പരാതി ഉണ്ടായത് എന്ന് പറയുന്നതില്‍ വസ്തുതാപരമായ പിശകുണ്ടെന്നും മൂന്നാം മാസമാണ് ആ പരാതി വന്നത് എന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ അടിയന്തിര പ്രമേയം സഭ തള്ളി.
content highlights: Chief Minister’s reply to the urgent motion