ഹിന്ദുവിന്റെ റിപ്പോര്‍ട്ടിങ്ങില്‍ അതൃപ്തിയുണ്ടെന്നും പത്രം തെറ്റ് തിരുത്തണമെന്നും കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാമര്‍ശത്തിലാണ് കത്ത്.
മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ദേശവിരുദ്ധം, സംസ്ഥാന വിരുദ്ധം എന്നീ വാക്കുകള്‍ മുഖ്യമന്ത്രിയുടേതല്ലെന്നും കത്തില്‍ പറയുന്നുണ്ട്.
മലപ്പുറം എന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ പത്രം തെറ്റായി പ്രസിദ്ധീകരിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രസ് സെക്രട്ടറിയാണ് ഹിന്ദുവിന്റെ എഡിറ്റര്‍ക്ക് കത്തയച്ചിരിക്കുന്നത്.
നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഇന്നലെ കോഴിക്കോട് മുതലക്കുളത്ത് നടന്ന പരിപാടിയില്‍, മുഖ്യമന്ത്രി ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നീക്കം.
അഭിമുഖത്തില്‍ മുഖ്യമന്ത്രി മലബാറില്‍ പ്രത്യേകിച്ച് മലപ്പുറത്ത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി പറയുന്നുണ്ടെന്നാണ് പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പ്രതികരണം, കേരളത്തിലെ മനോരമയ്ക്കും മാതൃഭൂമിയ്ക്കും നല്‍കാത്തതെന്നും പി.വി. അന്‍വര്‍ ചോദിച്ചിരുന്നു.
ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലയില്‍ 150 സ്വര്‍ണക്കടത്ത് കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. ഈ കണക്കിനെ മുന്‍നിര്‍ത്തി, കരിപ്പൂര്‍ എയര്‍പോര്‍ട്ട് നില്‍ക്കുന്നത് എവിടെയാണെന്ന് അന്‍വര്‍ ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു.
കരിപ്പൂരില്‍ പിടിക്കുന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക മലപ്പുറത്തായിരിക്കും. എന്നാല്‍ മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയില്ലെന്നും പി.വി. അന്‍വര്‍ വിമര്‍ശിച്ചിരുന്നു. ചെയ്യേണ്ടത് പിടിക്കപ്പെടുന്നവരുടെ പാസ്പോര്‍ട്ട് പരിശോധിക്കുക, അയാളുടെ ജില്ലാ ഏതെന്ന് മനസിലാക്കുക എന്നതാണെന്നും പി.വി. അന്‍വര്‍ കോഴിക്കോട് പറഞ്ഞിരുന്നു.