| Tuesday, 1st October 2024, 10:50 pm

മുഖ്യമന്ത്രിയുടെ ഹിന്ദുവിലെ അഭിമുഖം; ക്രോണോലോജി ദേഖിയേ; വി.ടി. ബല്‍റാമിന്റെ 20 പോയിന്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ദി ഹിന്ദു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലെ മലപ്പുറവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുനായി കോണ്‍ഗ്രസ് നേതാവായ വി.ടി ബല്‍റാം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി അഭിമുഖത്തിനായി പത്രത്തിനെ അങ്ങോട്ട് സമീപിച്ചതാണെന്ന് പറഞ്ഞ ബല്‍റാം, ദല്‍ഹിയില്‍ അഭിമുഖം എന്ന പേരില്‍ അരങ്ങേറിയത് പി.ആര്‍ ഏജന്‍സിയുടെ നാടകമാണെന്നും കുറ്റപ്പെടുത്തി.

എന്നാല്‍ കോടികള്‍ കൈപ്പറ്റി ഈ അഭിമുഖം സംഘടിപ്പിച്ച പി.ആര്‍ ഏജന്‍സി മുഖ്യമന്ത്രി അഭിമുഖത്തില്‍ പറയാത്ത ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞതാണെന്ന പോലെ പത്രത്തിന് നല്‍കിയെന്നും ബല്‍റാം ആരോപിച്ചു.

അതേസമയം ഈ ഡയലോഗുകള്‍ പണ്ട് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞതാണെന്നും എന്നാല്‍ അഭിമുഖം വിവാദമായതോടെയാണ് അതുവരെ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയും പ്രസ് സെക്രട്ടറിയും പ്രതികരിച്ചതെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു. പിന്നീട് പി.ആര്‍ ഏജന്‌സിയുടെ പേരും പറഞ്ഞ് പത്രം തന്നെ കൈകഴുകിയെന്നും ബല്‍റാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

അഭിമുഖം പത്രത്തിന്റെ നടുപേജില്‍ പിറ്റേ ദിവസം അച്ചടിച്ച് വന്നതോടെ മുഖ്യമന്ത്രിയെ ന്യായീകരിച്ച് അനുയായികളായ എ.കെ ബാലന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നെങ്കിലും പി. രാജനെപ്പോലുള്ള ഘടകക്ഷി മന്ത്രിമാര്‍ കയ്യൊഴിഞ്ഞെന്നും ഒരു നാടിനെ വേണ്ടുവോളം അപമാനിച്ചതിന് ശേഷമാണ് പ്രസ് സെക്രട്ടറി പത്രത്തിന് വിശദീകരണം ആവശ്യപ്പെട്ട് കത്ത് എഴുതിയതെന്നും ബല്‍റാം പറയുന്നു. ഇതോടെ ഇംഗ്ലീഷ് ദേശാഭിമാനിയെന്ന് അറിയപ്പെടുന്ന പത്രം മാപ്പ് പറഞ്ഞെന്ന് പറഞ്ഞ ബല്‍റാം ബാക്കി കാര്യങ്ങള്‍ സത്യാനന്തര കൊണവതിയാരം എന്ന പേരില്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുമെന്നും ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ക്രോണോലോജി ദേഖിയേ…

1. ഒരു സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാനത്തിന് പുറത്ത് പ്രത്യേകിച്ച് യാതൊരു രാഷ്ട്രീയ പ്രസക്തിയുമില്ലാത്ത ഒരു പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി, സംസ്ഥാനത്തിന് പുറത്ത് പോയി, രാജ്യ തലസ്ഥാനത്ത് വച്ച്, ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് ഇന്റര്‍വ്വ്യൂ നല്‍കുന്നു.
2. അതും കല്ലുകൊത്താനുണ്ടോ കല്ലുകൊത്താനുണ്ടോ മോഡലില്‍ ഇന്റര്‍വ്വ്യൂ വേണോ ഇന്റര്‍വ്വ്യൂ വേണോ എന്ന് അങ്ങോട്ട് വിളിച്ചു ചോദിച്ച് കൊണ്ട്.

3. അതിനായി നിയമിക്കപ്പെടുന്നതോ കോടികള്‍ പ്രതിഫലം പറ്റുന്ന ഒരു PR ഏജന്‍സിയും.
4. എന്നിട്ട് ഈ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രസ്തുത ഇന്റര്‍വ്വ്യൂ നാടകം ഡല്‍ഹിയില്‍ അരങ്ങേറുന്നു.
5. ആദ്യ സ്‌ക്രിപ്റ്റിലില്ലാത്ത ചില ഡയലോഗുകള്‍ പിന്നീട് തിരുകിക്കയറ്റാന്‍ തീരുമാനിക്കുന്നു.
6. ഈ ഡയലോഗുകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി എന്ന പേരില്‍ ജഞ ഏജന്‍സി പത്രത്തിന് എഴുതിനല്‍കുന്നു.
7. ഓര്‍ക്കുക, പിന്നീട് തിരുകിക്കയറ്റിയതാണെങ്കിലും ആ ഡയലോഗുകളും അതിലെ കണക്കുകളും മുഖ്യമന്ത്രിയുടേത് തന്നെയാണ്.

കുറച്ച് ദിവസം മുന്‍പ് മുഖ്യമന്ത്രി മറ്റൊരു പത്രസമ്മേളനത്തില്‍ പറഞ്ഞ കണക്കുകളാണ്.
8. നിഷ്പക്ഷ പത്ര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിശ്വാസ്യത ഏറെ അവകാശപ്പെടുന്ന പത്രത്തിന്റെ നടുപേജില്‍ പിറ്റേന്ന് നെടുങ്കന്‍ ഇന്റര്‍വ്വ്യൂ പ്രത്യക്ഷപ്പെടുന്നു.
9. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയോ മാധ്യമ ഉപദേഷ്ടാക്കളോ ഇന്റര്‍വ്വ്യൂവിനെ ആദ്യം തള്ളിപ്പറയുന്നില്ല.
10. സൈബര്‍ ക്യാപ്‌സ്യൂള്‍ നിര്‍മ്മാതാക്കള്‍ ചുവന്ന വട്ടമിട്ട് മുഖ്യമന്ത്രിയുടെ പോയിന്റ്‌സ് അണികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു.
11. അപ്പോഴും മുഖ്യമന്ത്രിയോ മാധ്യമ ഉപദേഷ്ടാക്കളോ അതിനെ തള്ളിപ്പറയുന്നില്ല.

12. RSS ഭാഷയിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മതേതര ബോധ്യമുള്ളവര്‍ പരക്കെ വിമര്‍ശനമുയര്‍ത്തുന്നു.
13. മറുഭാഗത്ത് തങ്ങള്‍ ഇത്രയും നാള്‍ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ തങ്ങളേക്കാള്‍ നന്നായി പറയുന്ന മുഖ്യമന്ത്രിക്ക് പിന്തുണയുമായി BJP നേതാക്കള്‍ രംഗത്ത് വരുന്നു.
14. അപ്പോഴും മുഖ്യമന്ത്രി നേരിട്ടൊരു വിശദീകരണം നല്‍കുന്നില്ല.
15. മുഖ്യമന്ത്രിയെ തെരുവില്‍ കരിങ്കൊടി കാണിക്കുന്നതടക്കമുള്ള സമര പരിപാടികള്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ഉയര്‍ന്നുവരുന്നു.

15. അപ്പോഴും മുഖ്യമന്ത്രി നേരിട്ട് കമാന്ന് ഒരക്ഷരം പറയുന്നില്ല.
16. RSS നോമിനിയായ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറ്റുപിടിക്കുന്നു. സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
17. മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് എകെ ബാലനേപ്പോലുള്ള സിപിഎം നേതാക്കളും
അതിനേക്കുറിച്ച് വിവാദമുണ്ടാക്കണ്ട എന്ന് മുഹമ്മദ് റിയാസ്, എംബി രാജേഷ് എന്നീ സിപിഎം മന്ത്രിമാരും ന്യായീകരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതിനേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞ് കെ.രാജനേപ്പോലുള്ള ഘടകകക്ഷി മന്ത്രിമാര്‍ കയ്യൊഴിയുന്നു.

18. ഒരു നാടിനേയും ഒരു പ്രത്യേക മതസമൂഹത്തിനേയും അപരവല്‍ക്കരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഇന്റര്‍വ്വ്യൂ പരാമര്‍ശങ്ങള്‍ അതിന്റെ ഡാമേജ് ആവോളം ഉണ്ടാക്കിയതിന് ശേഷം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇന്റര്‍വ്യൂവിലെ ചില പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞ് പത്രത്തിന്റെ എഡിറ്റര്‍ക്ക് കത്തെഴുതുന്നു.

19. പത്രം ഇത് PR ഏജന്‍സിയുടെ പണിയാണെന്ന് പറഞ്ഞ് കയ്യൊഴിയുന്നു. മോഹന്‍ലാലിന്റെ പേരിലുള്ള ലേഖനത്തിന്റെ പേരില്‍ ദേശാഭിമാനി മാപ്പ് പറഞ്ഞത് പോലെ ഇന്റര്‍വ്വ്യൂവിന്റെ പേരില്‍ ‘ഇംഗ്ലീഷ് ദേശാഭിമാനി’ എന്നറിയപ്പെടുന്ന പത്രവും മാപ്പ് പറയുന്നു.
20. സത്യാനന്തര കൊണവതിയാരം അടുത്താഴ്ച യുട്യൂബില്‍.

Content Highlight: Chief Minister’s Interview in The Hindu; Chronology Dekhiye; VT  Balram’s Facebook post

We use cookies to give you the best possible experience. Learn more