തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
ഒരു മുന്‍വിധിയുമില്ലാതെ ആസ്വദിക്കാനാകുന്ന വിനോദമാണ് ഫുട്‌ബോളെന്നും അതിലേക്ക് പ്രതിലോമതയുടെയും സങ്കുചിത്വത്തിന്റെയും വിഷകിരണങ്ങള്‍ കടന്നുചെല്ലുന്നത് അനാശാസ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഖത്തറില്‍ അരങ്ങേറുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം പ്രസിദ്ധമാണ്. പെലെ, മറഡോണ, പ്ലാറ്റിനി, ബെക്കന്‍ബോവര്‍ പോലുള്ള മഹാരഥന്മാരുടെ പ്രകടനങ്ങള്‍ കണ്ടു തളിര്‍ത്ത ആ ഫുട്‌ബോള്‍ ജ്വരം ഇന്ന് മെസി, റൊണാള്‍ഡോ, നെയ്മര്‍ പോലുള്ള പ്രഗത്ഭരായ താരങ്ങളിലൂടെ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു.
കോഴിക്കോട് പുള്ളാവൂരില്‍ കുറുങ്ങാട്ട് കടവ് പുഴക്ക് കുറുകെ ഉയര്‍ത്തിയ ഭീമാകാരങ്ങളായ കട്ട് ഔട്ടുകള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പൊതുവിടങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടു പിടിക്കുകയാണ്. സൗഹൃദ മത്സരങ്ങളും ജാഥകളും തുടങ്ങിയ എണ്ണിയാല്‍ തീരാത്ത പരിപാടികള്‍ സംഘടിക്കപ്പെടുന്നു.
ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തര്‍. ഇതുവഴി നമ്മുടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകോത്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനുള്ള സുവര്‍ണാവസരം വന്നു ചേര്‍ന്നിരിക്കുന്നു. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
അവരുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം.
ആ അര്‍ത്ഥത്തില്‍ കേരളത്തിന്റെ കൂടി ലോകകപ്പാണിത്. ഇഷ്ടടീമുകള്‍ ഏറ്റുമുട്ടാനൊരുങ്ങിക്കഴിഞ്ഞു. ആവേശവും ആര്‍പ്പുവിളികളും കൂടുതല്‍ മുറുകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും സന്തോഷത്തോടു കൂടി ഈ ലോകകപ്പ് ഏവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കട്ടെ. ഒരു മുന്‍വിധിയുമില്ലാതെ ലോകത്തെല്ലാവരും ആസ്വദിക്കുകയും ഹൃദയത്തില്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നവയാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍. അതിലേക്ക് പ്രതിലോമതയുടെയും സങ്കുചിത്വത്തിന്റെയും വിഷ കിരണങ്ങള്‍ കടന്നു ചെല്ലുന്നത് അനാശാസ്യകരമാണ്.
ഇത്തരം ശ്രമങ്ങളെയെല്ലാം ഫുട്‌ബോള്‍ പ്രേമികള്‍ തള്ളിക്കളയുക തന്നെ ചെയ്യും. വിപുലമായ രീതിയില്‍ ഈ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളടക്കമുള്ളവര്‍ക്കും അഭിവാദ്യങ്ങള്‍. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും വിജയാശംസകളും,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഖത്തര്‍ സമയം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക്(ഇന്ത്യന്‍ സമയം 7.30) അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. രാത്രി ഏഴ് മണിക്ക്(ഇന്ത്യന്‍ സമയം 9.30) ആതിഥേയരായ ഖത്തര്‍ തങ്ങളുടെ പ്രഥമ ലോകകപ്പ് മത്സരത്തിനിറങ്ങും. ഇക്വഡോറുമായിയാണ് ഖത്തറിന്റെ മത്സരം.
CONTENT HIGHLIGHT: Chief Minister Pinarayi Vijayan wishes Qatar World Cup