| Sunday, 31st October 2021, 8:47 pm

ജാതിവിവേചനം തീര്‍ത്ത വെല്ലുവിളികള്‍ മറികടന്ന് മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളുമായി മുന്നോട്ടുപോകാന്‍ നമുക്കായി; കേരളപ്പിറവി ദിനം ആശംസിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളപ്പിറവി ദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേസമയം, വിമര്‍ശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമര്‍പ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദര്‍ഭം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘1956 നവംബര്‍ 1-നു രൂപം കൊണ്ടതു മുതല്‍ ഐക്യകേരളം എന്ന സങ്കല്പത്തെ അര്‍ത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളര്‍ന്നത്. വര്‍ഗീയതയും ജാതിവിവേചനവും തീര്‍ത്ത വെല്ലുവിളികള്‍ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാന്‍ നമുക്കായി.

വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നിറവേറ്റാന്‍ കേരളത്തിനു സാധിച്ചു. അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാന്‍ നമുക്ക് കഴിഞ്ഞു.
നവോത്ഥാന മുന്നേറ്റങ്ങളും കര്‍ഷക-തൊഴിലാളി വര്‍ഗ പോരാട്ടങ്ങളും തീര്‍ത്ത അടിത്തറയില്‍ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങള്‍ കേരളം കൊയ്തത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ സര്‍ക്കാരുകള്‍ നേതൃത്വം നല്‍കിയ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ നിയമവുള്‍പ്പെടെയുള്ള വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ അവയ്ക്ക് പിന്നില്‍ ചാലകശക്തിയി. ഇത്തരത്തില്‍ ആര്‍ജിച്ച രാഷ്ട്രീയ സാമൂഹിക ബോധമാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. ആ ആര്‍ജ്ജവമാണ് ഒരു പ്രതിസന്ധിയ്ക്കു മുന്നിലും തളര്‍ന്നു പോകാതെ നമ്മളെ കാത്തതെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ നാട് ഇനിയുമേറെ മുന്നേറാനുണ്ട്. കേരളത്തിന്റെ അഭിമാനാര്‍ഹമായ സവിശേഷതകള്‍ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ കേരളപ്പിറവി ദിനത്തില്‍ നമ്മള്‍ ഏറ്റെടുക്കേണ്ടത്.

ഭിന്നിപ്പിന്റേയും വെറുപ്പിന്റേയും ശക്തികള്‍ക്കെതിരെ പോരാടി നാം പടുത്തുയര്‍ത്തിയ നാടാണിത്. ആ പോരാട്ടം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കേണ്ടതുണ്ട്. ഐക്യത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും നാളെകള്‍ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാം,’ മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Chief Minister Pinarayi Vijayan wishes Keralappiravi 

We use cookies to give you the best possible experience. Learn more