| Saturday, 22nd June 2024, 6:59 pm

കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയാണോ എന്ന് ചിന്തിക്കണം: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയാണോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയെ പിന്തുണച്ചവരോട് ശത്രുതയില്ലെന്നും അവരുടെ നിലപാട് നാടിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കോഴിക്കോട് നടന്ന കേരള എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ബി.ജെ.പിയെ പിന്തുണച്ച വിവിധ വിഭാഗങ്ങളെയും കുറിച്ച് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ തകരാറിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ തടയാന്‍, സംസ്ഥാനങ്ങളുടെ പ്രത്യേകതകളെ മുന്‍നിര്‍ത്തി കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നായിരുന്നു എല്‍.ഡി.എഫ് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചിലരുടെ നിലപാടുമാറ്റം അവസരവാദമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍ വര്‍ഷങ്ങളില്‍ ഒറ്റക്കക്ഷിയായി സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പിക്ക് ഇത്തവണ അതിന് കഴിഞ്ഞില്ല. സംസ്ഥാനങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങള്‍ ബി.ജെ.പിയെ വെട്ടിലാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായ പോരാട്ടം തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പിയിലേയും ശിവസേനയിലേയും ഒരു വിഭാഗത്തെ വിഭജിച്ചുകൊണ്ട് മഹാരാഷ്ട്രയില്‍ നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പി കരുതി. എന്നാല്‍ അത് സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം മുസ്‌ലിം ലീഗ് നേതൃത്വത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും മുഖമായി മാറുന്നുവെന്നുമായിരുന്നു വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ലീഗ് വാശിയോടെ മത്സരിച്ചുവെന്നും വിജയത്തില്‍ യു.ഡി.എഫിന് ആഹ്ലാദിക്കാന്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനാണ് വലതുപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വ്യത്യസ്ത ചേരികളില്‍ നിന്ന് മത്സരിക്കുന്നവര്‍ രാഷ്ട്രീയ ലാഭത്തിനായി കേരളത്തില്‍ ഒന്നിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് അതല്ല. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോയ വോട്ടുകളും പിന്തുണയും തിരിച്ച് കൊണ്ടുവരുമെന്നും എല്‍.ഡി.എഫിനോടുള്ള വിരോധം കൊണ്ടല്ല യു.ഡി.എഫിന് വോട്ട് കിട്ടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു.

Content Highlight: Chief Minister Pinarayi Vijayan wants to seriously examine BJP’s winning of seats in Kerala

We use cookies to give you the best possible experience. Learn more