| Sunday, 21st August 2022, 2:16 pm

കുറച്ചുനാള്‍ തെറ്റിദ്ധരിപ്പിക്കാം, എല്ലാക്കാലത്തും കഴിയില്ല; മതനിരപേക്ഷതയോട് വര്‍ഗീയത ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷരായാല്‍ അത് മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തും; മാധ്യമങ്ങളോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നഷ്ടമായ വിശ്വാസ്യത മുഖ്യധാരാ മാധ്യമങ്ങള്‍ വീണ്ടെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ മൂലധന-രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് വാര്‍ത്തയുടെ സ്വഭാവം നിര്‍ണയിക്കുന്നതെന്ന യാഥാര്‍ഥ്യം ജനം തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതല്‍ തകര്‍ന്നു എന്നത് ഉള്‍കൊള്ളാന്‍ തയ്യാറാകണം. മതനിരപേക്ഷതയും വര്‍ഗീയ ഭീകരതയും ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷത പാലിച്ചാല്‍ അത് മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തലാണെന്ന് തിരിച്ചറിയണം. പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ക്കടക്കം മനുഷ്യത്വപരമല്ലാത്ത നിഷ്പക്ഷത ഉണ്ടാകുന്നു.

സത്യവും അസത്യവും ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷരാണെന്ന് പ്രഖ്യാപിക്കുന്നത് അസത്യത്തിന്റെയും അനീതിയുടെയും പക്ഷം ചേരലാണ്. ജനം ഇത് എപ്പോഴും സഹിക്കണമെന്നില്ല. പുരോഗമന, മതേതര ശക്തികള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തനം അപകടകരമായ രാജ്യമായി ഇന്ത്യ. അതിനുപിന്നില്‍ വര്‍ഗീയതയിലൂന്നിയ രാഷ്ട്രീയവും ഭരണസംവിധാനവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ തുടരണം. ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യം ചേര്‍ക്കണം.
ഇന്നത്തെ ലോകം മാധ്യമങ്ങളുടേത് മാത്രമല്ല. കുറച്ചുനാള്‍ തെറ്റിദ്ധരിപ്പിക്കാം, എല്ലാകാലത്തും കഴിയില്ല. കുറ്റകൃത്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തെന്ന ക്രെഡിറ്റ് നേടാനുള്ള മത്സരമാണ് നടക്കുന്നത്. കുറ്റവാളികളുമായി പൊരുത്തപ്പെടാനുള്ള അവസ്ഥയിലേക്കും മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നു. ഇതിലെ അധാര്‍മികത തിരിച്ചറിയാനാകണം. മാധ്യമരാഷ്ട്രീയ ബന്ധം, അതില്‍ ഒരുകൂട്ടര്‍ നടത്തുന്ന ഗൂഢാലോചനയില്‍ പങ്കാളിത്തം വഹിക്കുന്നതില്‍വരെ എത്തണോയെന്നും ചര്‍ച്ചചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം തങ്ങളുടെ രാഷ്ട്രീയ ഭാവി ഇരുട്ടിലാക്കുമെന്ന് സങ്കുചിത താല്‍പ്പര്യക്കാരായ ചില രാഷ്ട്രീയ നേതൃത്വം ചിന്തിക്കുന്നു. മാധ്യമങ്ങളിലും അതേ മനോഭാവം പ്രതിഫലിച്ചാല്‍ അത് ജനങ്ങളുടെ മനോഘടനയെ വികലമാക്കാനുള്ള പരിശ്രമമാകും. ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. മാധ്യമങ്ങളെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെയും നിയന്ത്രിക്കുന്ന ചെറുവിരല്‍ അനക്കംപോലും സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. ക്രിയാത്മക വിമര്‍ശം സ്വീകരിക്കും, നശീകരണാത്മക വാസനകളോടെയുള്ളവയെ വിലവെക്കില്ല. മാധ്യമങ്ങള്‍ വിമര്‍ശങ്ങള്‍ക്ക് അതീതരല്ലെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  Chief Minister Pinarayi Vijayan wants mainstream media to regain lost credibility

We use cookies to give you the best possible experience. Learn more