പൊലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ല; മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താന്‍ പറഞ്ഞെതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘മാധ്യമങ്ങളില്‍ ചിലര്‍ ചില വാര്‍ത്തകള്‍ കൊടുക്കും, ആ വാര്‍ത്ത ശരിയായിട്ടു വിശ്വസിച്ചാല്‍ പിന്നെ കുഴപ്പത്തിലാകും. ചിലപ്പോള്‍ ശരിയായ വാര്‍ത്തകള്‍ ആവണമെന്നില്ല അത്. തെറ്റായ കാര്യങ്ങള്‍ ചിലരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചെന്നും വരും’- മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പൊലീസ് അര്‍.എസ്.എസിന്റെ ഒട്ടുകാരാണെന്ന് നാട്ടില്‍ ആരെങ്കിലും പറയോ. പൊലീസിന്റെ കാര്യം ഞാന്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും അവരുടെ നേട്ടങ്ങള്‍ പറയും. എന്നാല്‍ അവര്‍ക്കെന്തെങ്കിലും വീഴ്ചകളോ ദൗര്‍ബല്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി എന്ന നിലയില്‍ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ബാധ്യതയല്ലേ? അത് ചൂണ്ടിക്കാണിച്ചു’- മുഖ്യമന്ത്രി പറഞ്ഞു.
‘ആര്‍.എസ്.എസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളത് എന്നലെ അതിന്റെ പ്രതികരണം വരിക. അപ്പൊ എത്ര തെറ്റായ രീതിയിലാണ് വാര്‍ത്ത വരുന്നതെന്നാണ് നമ്മള്‍ നോക്കേണ്ടത്. അതുകൊണ്ട് വാര്‍ത്തയുടെ പിന്നാലെ പോയി അതിന്റെ മേലെ നമ്മളൊരു തീരുമാനത്തില്‍ എത്താന്‍ പാടില്ല. ഓരോ കൂട്ടരും എന്താണോ പറഞ്ഞിട്ടുള്ളത് അതിന്റെ നിലപാടിലേയ്ക്ക് പോകുന്നതായിരിക്കും നല്ലത്’- മുഖ്യമന്ത്രി വ്യക്തമാക്കി.
നിരവധി കേസുകളില്‍ പൊലീസ് പ്രതിരോധത്തിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചത്.
ശബരിമലയില്‍ കൂടുതല്‍ യുവതികളെ കയറ്റാന്‍ കഴിയാതിരുന്നത് പൊലീസിനകത്തെ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും ശബരിമലയിലെ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസിന് ഒറ്റിക്കൊടുത്തെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
മനീതി സംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറി. ശബരിമലയില്‍ പല ഉദ്യോഗസ്ഥരും സ്വന്തം താല്‍പ്പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.