തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് രാജി സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം പൂര്‍ത്തിയാക്കി. പുതിയ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് ഇന്ന് രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് രാജി സമര്‍പ്പിച്ചു,’ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.
അതേസമയം, എല്‍.ഡി.എഫിലെ എം.എല്‍.എമാരുടെ ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനം അധികം വൈകാന്‍ സാധ്യതയില്ല. നാളത്തെ സി.പി.ഐ.എം സെക്രട്ടേറിയറ്റ് പാര്‍ട്ടി മന്ത്രിമാരെ സംബന്ധിച്ച ഏകദേശ ധാരണയിലെത്തുമെന്നാണ് കരുതുന്നത്.
കേരള രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചാണ് പിണറായിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുന്നത്. കാലാവധി പൂര്‍ത്തിയാക്കി ആദ്യമായി തുടര്‍ഭരണത്തിലൂടെ സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാരാണ് ഇനി വരാന്‍ പോകുന്നത്. 99 സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് ചരിത്ര വിജയം നേടുന്നത്.
പിടിച്ചെടുക്കുമെന്ന് പറഞ്ഞ സീറ്റുകള്‍ പിടിച്ചടക്കിയും പൂട്ടുമെന്ന് പറഞ്ഞ അക്കൗണ്ട് പൂട്ടിയുമാണ് ഇടതിന്റെ വിജയക്കുതിപ്പ്. യു.ഡി.എഫിന് 41 സീറ്റുകളും ലഭിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എക്ക് നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക