ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഗവര്‍ണര്‍ എങ്ങനെയാകാന്‍ പാടില്ല എന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ വഴിയില്‍ കുത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ദല്‍ഹിയില്‍ നടക്കുന്ന കേരള സമരത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
‘മറ്റൊരു പ്രധാന വിഷയം ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ടതാണ്. ഗവര്‍ണര്‍മാര്‍ എങ്ങനെ പ്രവര്‍ത്തിക്കരുത് എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാന നിയമസഭകളെ നോക്കുകുത്തികളാക്കുന്ന സാമ്രാജ്യത്വ കാലത്തെ റസിഡന്റുമാരെ പോലെ പെരുമാറുകയാണ്.
ഇതുമൂലം ഫെഡറലിസത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ നിയമപോരാട്ടങ്ങളും ജനകീയ പോരാട്ടങ്ങളും വേണ്ടി വരുന്നു. നിയമസഭ അംഗീകരിച്ച ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെയും വഴിയില്‍ കുത്തിയിരുപ്പ് നടത്തിയുമുള്ള ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം വേദിയാകുന്നത്.
ചാന്‍സിലര്‍ പദവി ഉപയോഗിച്ച് സര്‍വകലാശാലകളുടെ പ്രവര്‍ത്തനം പോലും അട്ടിമിറക്കുന്നു. ഭരണഘടനാ മൂല്യങ്ങളുടെ നിരാസമായി ഇത് മാറുകയാണ്. അടിയന്തരാവസ്ഥയുടെ അനുഭവമൊഴിച്ചാല്‍ ഇത്രയും ഗൗരവമേറിയ വെല്ലുവിളികള്‍ ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ നേരിട്ട ചരിത്രമില്ല,’ മുഖ്യമന്ത്രി പറഞ്ഞു.
ആരെയും തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെയല്ല സമരം നടത്തുന്നതെന്നും തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് സമരത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇതിനെ കക്ഷിരാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു.
രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബി.ജെ.പി നേരിട്ടോ ബി.ജെ.പിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ളതല്ല എന്‍.ഡി.എ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്ന നിലപാട്.
17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം. അത്തരം നടപടികള്‍ക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയര്‍ത്തുന്നത്. ഇതിന് വ്യാപകമായ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
Content highlight: Chief Minister Pinarayi Vijayan slams Governor Arif Mohammed Khan