ഷിരൂര്‍ ദൗത്യത്തിനായി കൂടുതല്‍ സൈന്യത്തെ വിട്ടുനല്‍കണം; പ്രതിരോധ മന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍
Kerala News
ഷിരൂര്‍ ദൗത്യത്തിനായി കൂടുതല്‍ സൈന്യത്തെ വിട്ടുനല്‍കണം; പ്രതിരോധ മന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 10:25 pm

തിരുവനന്തപുരം: ഷിരൂരിലെ രക്ഷാ ദൗത്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരമായി കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്നും സഹായം എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ ഷിരൂരിലെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

നേവിയുടെ അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കണം, സതേണ്‍, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡുകളില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെ എത്തിക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം കര്‍ണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനം ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ രക്ഷാ ദൗത്യത്തിന് കൂടുതല്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഡ്രോണ്‍ പരിശോധനയില്‍ ട്രക്കിന്റെ ചിത്രം ലഭിച്ചുവെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. ട്രക്ക് ചരിഞ്ഞ നിലയിലാണ് നദിക്കടിയില്‍ ഉള്ളതെന്നും എം.എല്‍.എ വ്യക്തമാക്കി. അടുത്ത ദിവസം ഷിരൂരിലെ രക്ഷാ പ്രവര്‍ത്തനത്തിനായി വലിയ ചങ്ങാടങ്ങള്‍ എത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്കിറങ്ങുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

തെരച്ചിലില്‍ സിഗ്‌നല്‍ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് പ്രധാന പരിഗണനയെന്ന് സൈന്യവും അറിയിച്ചു. സോണാര്‍, റഡാര്‍, ഐബോഡ് എന്നീ പരിശോധനകളില്‍ കിട്ടിയ സിഗ്‌നല്‍ ലഭിച്ച സ്ഥലത്താകും പരിശോധന നടത്തുക. ഈ മൂന്ന് തരം പരിശോധന സംവിധാനങ്ങളില്‍ ഉറപ്പിച്ച പോയിന്റ് കൂടിയാണിത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് ട്രക്ക് ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്. അപകടം നടന്ന ദിവസം തന്നെ ബന്ധുക്കള്‍ കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് തെരച്ചില്‍ ആരംഭിച്ചത്.

Content Highlight: Pinarayi Vijayan sent a letter to Union Defense Minister Rajnath Singh and Karnataka Chief Minister Siddaramaiah on the rescue mission in Shirur