| Monday, 6th March 2023, 12:47 pm

വ്യാജ വീഡിയോ നിര്‍മിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം; ക്രൈംബ്രാഞ്ച് നടപടിയെ ബി.ബി.സി. റെയ്ഡുമായി താരതമ്യപ്പെടുത്താന്‍ നോക്കണ്ട: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടന്ന ക്രൈംബ്രാഞ്ച് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിയെ കേന്ദ്ര സര്‍ക്കാര്‍ ബി.ബി.സി ഓഫീസില്‍ നടത്തിയ റെയ്ഡുമായി താരതമ്യം ചെയ്ത കോണ്‍ഗ്രസിന്റെ പരാതിക്ക് നിയമ സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യാജ വീഡിയോ നിര്‍മിച്ച ഏഷ്യാനെറ്റിന്റെ നടപടി മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും അതിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ബി.സി റെയ്ഡുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. ബി.ബി.സി.യുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് പുറത്ത് കൊണ്ട് വന്നതിനായിരുന്നു. അത് പോലെയാണോ ഇത്. ഇവിടെ നടന്ന അന്വേഷണം ഏതെങ്കിലും ഭരണാധികാരിക്കോ സര്‍ക്കാരിനോ എതിരല്ല. അതുകൊണ്ട് പ്രതികാര നടപടിയെന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. അതിവിടെ വിലപ്പോവില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് വേണ്ടി എം.എല്‍.എ പി.സി വിഷ്ണുനാഥാണ് ഏഷ്യാനെറ്റ് വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ലഹരിമാഫിയക്കെതിരെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയ്‌ക്കെതിരെയാണ് എസ്.എഫ്.ഐ സമരം ചെയ്തതെന്ന് നോട്ടീസ് അവതരിപ്പിച്ച എം.എല്‍.എ പറഞ്ഞിരുന്നു.

‘ചാനലിനെതിരെ പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത് ഏഷ്യാനെറ്റ് സര്‍ക്കാരിനെതിരായ ഗൂഢാലോചന നടത്തിയെന്നാണ്. ലഹരിമാഫിയക്കെതിരെ പറഞ്ഞാല്‍ അത് സര്‍ക്കാരിനെതിരാവുന്നതെങ്ങനെയാണ്? ബി.ബി.സി റെയ്ഡിന് സമാനമാണ് കേരളത്തിലെ റെയ്ഡും,’ പി.സി. വിഷ്ണു നാഥ് ആരോപിച്ചു.

ഇതിന് മറുപടിയായാണ് പിണറായി വിജയന്‍  നിയമസഭയില്‍ മറുപടി പറഞ്ഞത്.

‘2022 നവംബറിലാണ് ഏഷ്യാനെറ്റ് ന്യൂസില്‍ പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെച്ച് വ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. ഓഗസ്റ്റില്‍ പുറത്ത് വിട്ട മറ്റൊരു വീഡിയോ വ്യാജമാണെന്ന് ആദ്യമേ തെളിഞ്ഞതാണ്. എന്നിട്ടാണ് ആദ്യത്തെ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റൊരു കുട്ടിയെ വെച്ച് റീഷൂട്ട് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്.

ഇത് സംബന്ധിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീഡിയോ ചിത്രീകരിച്ചതിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് എറണാകുളത്തെ ഏഷ്യാനെറ്റ് ഓഫീസിലേക്കും എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. സ്ഥാപനത്തിന്റെ പരാതിയെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Chief minister Pinarayi vijayan scolds congress mla p.c Vishnunath

We use cookies to give you the best possible experience. Learn more