പി.വി. അന്‍വര്‍ സംസാരിച്ചത് എല്‍.ഡി.എഫിനും സർക്കാറിനുമെതിരെ: മുഖ്യമന്ത്രി
Kerala News
പി.വി. അന്‍വര്‍ സംസാരിച്ചത് എല്‍.ഡി.എഫിനും സർക്കാറിനുമെതിരെ: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2024, 10:44 am

ന്യൂദൽഹി: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു എം.എൽ.എ നിലയിൽ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സംസ്ഥാനത്തെ മികച്ച സംവിധാനങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സർക്കാറിനുമെതിരായ കാര്യങ്ങളാണ് പി.വി. അന്‍വര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ പി.വി. അന്‍വര്‍ ഇന്നലെ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ദൽഹിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്‍വറിന്റെ ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞു. സ്വയമേവ എല്‍.ഡി.എഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും പ്രഖ്യാപിച്ചു. പി.വി. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ പിന്നീട് ഒരു ഘട്ടത്തില്‍ വിശദമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സര്‍ക്കാറിനുമെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും തള്ളുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണങ്ങളെല്ലാം എല്‍.ഡി.എഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മാത്രമേ കണക്കാക്കുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നിലപാട് ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി നേരത്തെ സ്വീകരിച്ച നടപടികളെ ബാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷ്പക്ഷമായി തന്നെ ഇക്കാര്യങ്ങളില്‍ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ നല്‍കിയ പരാതികളില്‍ നടക്കുന്ന അന്വേഷണം കൃത്യമല്ലെന്നും എസ്.പി. ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നുമാണ് പി.വി. അന്‍വര്‍ ഇന്നലെ പ്രതികരിച്ചത്. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനാക്കി ചിത്രീകരിച്ചെന്നും പാര്‍ട്ടി അത് തിരുത്തിയില്ലെന്നും അനവര്‍ കുറ്റപ്പെടുത്തിയിരുന്നു.

താന്‍ കള്ളക്കടത്തുകാരുടെ ആളാണെന്ന സംശയം മുഖ്യമന്ത്രി കേരളീയ പൊതുസമൂഹത്തിന് നല്‍കിയെന്നും പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചത് പി. ശശി എഴുതി നല്‍കിയ തിരക്കഥയാണെന്നും താന്‍ പറയുന്നതില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ അദ്ദേഹത്തിന് മലപ്പുറത്തെ പാര്‍ട്ടി സെക്രട്ടറിയെ ഒന്ന് വിളിക്കാമായിരുന്നെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Chief Minister Pinarayi vijayan says P.V.Anvar spoke against LDF and Sarkar