Kerala News
എന്താവശ്യത്തിനും സെക്രട്ടറിയേറ്റിന് മുന്നിലുണ്ടാകുന്ന കരീമിന് ആദരം; സല്യൂട്ട് നല്‍കി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 03, 09:07 am
Saturday, 3rd September 2022, 2:37 pm

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ നിറസാന്നിധ്യമണ് അമ്പലത്തറ സ്വദേശി കരീം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ നേരില്‍ കാണാന്‍ സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് കവാടത്തിലെത്തിയ കരീം പിന്നീട് ഇവിടുത്തെ സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു.

എല്ലാവരോടും ചിരിച്ച് സൗമ്യനായി പെരുമാറുന്ന ഇദ്ദേഹം സെക്രട്ടേറിയേറ്റിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടയാളാണ്. ഒരുപാട് വര്‍ഷങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ ലാഭേച്ഛ കൂടാതെയുള്ള കരീമിന്റെ സേവനം സെക്രട്ടറിയേറ്റ് പരിസരത്തുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്.

അവധി ദിവസങ്ങളില്‍ പോലും എല്ലാവരും സ്‌നേഹത്തോടെ കരീമിക്ക എന്ന് വിളിക്കുന്ന കരീം ഇവിടെയുണ്ടാകും. ഗേറ്റില്‍ പൊലീസ് വലയമുണ്ടെങ്കിലും ഈ ഗേറ്റ് വഴി കടക്കുന്ന ഓരോ സര്‍ക്കാര്‍ വാഹനങ്ങളും ഉള്ളില്‍ കടക്കുന്നതിനും പുറത്തുപോകുന്നതിനും കരീമിക്കയുടെ സല്യൂട്ടുണ്ടാവും. ദിവസവും കാണാന്‍ തുടങ്ങിയതോടെ മാറിമാറി വരുന്ന മന്ത്രിമാരും എം.എല്‍.എമാരും കരീമിക്കയുടെ പരിചയക്കാരായി മാറി.

സെക്രട്ടറിയേറ്റ് ഗേറ്റ് വഴി കടക്കുന്ന ഓരോ സര്‍ക്കാര്‍ വാഹനങ്ങളും ഉള്ളില്‍ കടക്കുന്നതിനും പുറത്തു പോകുന്നതിനും കരീമിക്കയുടെ സല്യൂട്ടുണ്ടാവും.

സെക്രട്ടേറിയേറ്റിലെ വനിതാ സംഘടനയായ കനലിന്റെ ഓണാഘോഷ വേദിയില്‍ കരീമിനെ ആദരിച്ചിരിക്കുകയാണ്. ഉപഹാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ കരീമിനെ നീണ്ട കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ പതിവ് തെറ്റിക്കാതെ കരീമിക്ക മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കി മുഖ്യമന്ത്രി പിണറായി വിജയനും തിരികെ കരീമിനെ അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പത്നി കമലയാണ് കരീമിന് ഉപഹാരം നല്‍കിയത്.