| Monday, 4th July 2022, 4:32 pm

എ.കെ.ജി സെന്റര്‍ ആക്രമിച്ച പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിച്ച പ്രതിയെ പിടിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവര്‍ മറച്ചുപിടിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. എ.കെ.ജി സെന്ററിന്റെ ഒരു ചില്ലെങ്കിലും എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ് ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അയാളെയാണ് പൊലീസ് ചോദ്യം ചെയ്തത്. അത് സ്വാഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ.കെ.ജി സെന്ററിന് നേരെയുണ്ടായത് പെട്ടെന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. സി.സി.ടി.വി പരിശോധനകളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം ഡി.സി.സി ഓഫീസ് ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കെ.പി.സി.സി ഓഫീസ് ആക്രമണത്തിലും കന്റോണ്‍മെന്റ് ഹൗസ് ആക്രമണത്തിലും കൃത്യമായി കേസ് എടുത്തു.

ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തത് ആശ്ചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി. ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെ.പി.സി.സി പ്രസിഡന്റെ കെ.സുധാകരന്‍ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ സി.പി.ഐ.എം അതിനെ ന്യായീകരിക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സി.പി.ഐ.എം ചെയ്തത്. നടപടി എടുത്തു. സി.പി.ഐ.എം തള്ളിപ്പറഞു, അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സര്‍ക്കാരിന് വേണ്ടി മുഖന്ത്രിയും അത് ശരിയായില്ല എന്ന് പറഞ്ഞു. ഇതെന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നും പിണറായി വിജയന്‍ ചോദിച്ചു.

എസ്.ഡി.പി.ഐക്കാര്‍ എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജൂലൈ ഒന്നിന് എസ്.ഡി.പി.ഐ സംഘം വന്നെങ്കിലും കൂടിക്കാഴ്ചക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഓഫീസ് ജീവനക്കാര്‍ തിരിച്ചയച്ചു. എസ്.ഡി.പി.ഐക്കാര്‍ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റേത് സുപരീക്ഷിത ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അതുകൊണ്ട് എല്ലാം ചിരിച്ച് കൊണ്ട് നേരിടുമെന്നും വ്യക്തമാക്കി. മടിയില്‍ കനം ഇല്ലാത്തത് കൊണ്ട് മാത്രം അല്ല, ജീവിതത്തില്‍ ശുദ്ധിയുള്ള ആള്‍ക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താല്‍ക്കാലിക ലാഭത്തിന് വേണ്ടി തെറ്റ് ചെയ്യരുത്. തൊട്ടതെല്ലാം പാളുന്നത് ആര്‍ക്കാണ് എന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CONTENT HIGHLIGHTS: Chief Minister Pinarayi Vijayan said There is no doubt that the accused who attacked AKG Center will be caught

We use cookies to give you the best possible experience. Learn more