തിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണു രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനത്ത് തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. എങ്കിലും വിവിധ വകുപ്പുകളോടായി പരിശോധന നടത്തി ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറുകള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ അവ മൂടണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാടിസ്ഥാനത്തില്‍ പരിശോധന നടത്തി തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് പറഞ്ഞു.
2012-13 വര്‍ഷത്തെ കാലത്ത് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 8258 കുഴല്‍ക്കിണറുകളാണ് ഭൂജല വകുപ്പ് നിര്‍മിച്ചതെന്നും അതില്‍ തന്നെ സ്വകാര്യ ഏജന്‍സികള്‍ നിര്‍മിച്ച കുഴല്‍ക്കിണറുകള്‍ക്ക് കണക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ പാലക്കാട് ജില്ലയിലാണ് വലിയ കുഴല്‍ക്കിണറുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. അവ കമ്പനികള്‍ക്കുള്ളിലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കുഴല്‍ക്കിണറുകള്‍ മൂടുന്നതു സംബന്ധിച്ച് വ്യവസായ വകുപ്പിനും ഭൂജല തദ്ദേശ വകുപ്പുകള്‍ക്കും കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.