| Tuesday, 13th September 2022, 6:31 pm

ലഹരി ഉപഭോഗവും വിതരണവും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍; വിവിധ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികള്‍ ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി സഹാധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-പട്ടികവര്‍ഗ, കായിക വകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും. സെപ്റ്റംബര്‍ 22ന് സംസ്ഥാനസമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായി ജില്ലാതലസമിതി രൂപീകരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 21ന് സമിതി യോഗം ചേരും.
തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍ അധ്യക്ഷന്മാരും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായാണ് തദ്ദേശതല സമിതി.

വിദ്യാഭ്യാസ സ്ഥാപനമേധാവികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കുടുംബശ്രീ, വായനശാല, ക്ലബ്ബ് പ്രതിനിധികളും സമിതിയില്‍ ഉണ്ടാകും. റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയും വിളിക്കണം. പോസ്റ്റര്‍, ബോര്‍ഡ് എന്നിവ വഴിയുള്ള പ്രചരണത്തിന് വ്യാപാരികളുടെയും സഹകരണസ്ഥാപനങ്ങളുടെയും സഹായം തേടണം.

വാര്‍ഡുതല സമിതിയില്‍ വാര്‍ഡ് അംഗം അധ്യക്ഷനാകും. കണ്‍വീനറായി സ്‌കൂള്‍ ഹെഡ്മാസ്റ്ററോ, മുതിര്‍ന്ന അദ്ധ്യാപകനോ വേണം. സ്‌കൂള്‍തലത്തില്‍ അദ്ധ്യാപക – രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രത്യേക സംവിധാനം ഉണ്ടാക്കണം. പഞ്ചായത്ത്, വാര്‍ഡ്, സ്‌കൂള്‍തല സമിതികള്‍ സെപ്തംബര്‍ 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഒക്ടോബര്‍ രണ്ടിനാണ് ക്യാമ്പയിന്‍ ആരംഭിക്കുക. നവംബര്‍ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിക്കും. ആള്‍ക്കൂട്ടം ഉണ്ടാകുന്ന ബസ്സ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബ് എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

CONTENT HIGHLIGHTS:  Chief Minister Pinarayi Vijayan said that various committees will be formed as part of taking strict measures to prevent the consumption and distribution of drugs

Latest Stories

We use cookies to give you the best possible experience. Learn more