തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വലിയ ഉണര്‍വ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിയുണ്ടായിരുന്നന്നെന്നും നാളെ മുതല്‍ സ്ഥിതി മാറുകയാണെന്നും മഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘അധ്യയനം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേര്‍ന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികള്‍ക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതല്‍ ആ സ്ഥിതി മാറുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
18 വയസ്സിനു മുകളിലുള്ളവരില്‍ 95 ശതമാനത്തോളം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതോടെ സാമൂഹിക നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്. പുതിയ കേസുകളുടേയും ചികിത്സയില്‍ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലര്‍ത്തിക്കൊണ്ട് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.