| Tuesday, 18th January 2022, 4:03 pm

പറയുന്നത് പ്രാവര്‍ത്തികമാക്കും, ആ അനുഭവം തെറ്റില്ല; കെ ഫോണ്‍ ഇങ്ങെത്തിയെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കും എന്നത് കേരളത്തിന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ അനുഭവമാണ്. ആ അനുഭവം തെറ്റല്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേരളത്തിന്റെ അഭിമാനമായ കെ ഫോണ്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്.

2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം,’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.

കെ റെയിലിന്റെ നിലവിടെ സ്ഥതിയെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചത്

– നിലവില്‍ 2600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കീ.മി പൂര്‍ത്തീകരിച്ചു.

– 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലകളിലായി 11,906 കി.മീ പൂര്‍ത്തീകരിച്ചു.

– 375 പോപ്പുകളില്‍ (POP – Points of Presence) 114 എണ്ണം പൂര്‍ത്തീകരിക്കുകയും 216 എണ്ണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനുകളില്‍ ആണ് ഇവ സജ്ജീകരിക്കുന്നത്.

– NOC(Network Operating Centre) -ന്റെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ചു.

– എന്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം 2021, ഡിസംബര്‍ 31-നുള്ളില്‍ പ്രവര്‍ത്തനസജ്ജമായി. ഓരോ മാസവും 3000 മുതല്‍ 5000 വരെ ഓഫീസുകള്‍ വരെ സജ്ജമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണില്‍ പൂര്‍ത്തിയാകും.

– 140 നിയമസഭാ മണ്ഡലങ്ങളില്‍ 2022 മെയ് മാസത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന്‍ നല്‍കും.

– പദ്ധതി പൂര്‍ത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്‌സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാകും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Chief Minister Pinarayi Vijayan said that the K Phone project is progressing fast

We use cookies to give you the best possible experience. Learn more