ഇസ്‌ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു; ബെനഡിക്ട് പതിനാറാമന്റെ വിയോഗിത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
Kerala News
ഇസ്‌ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു; ബെനഡിക്ട് പതിനാറാമന്റെ വിയോഗിത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st December 2022, 9:53 pm

തിരുവനന്തപുരം: പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വിശ്വാസി സമൂഹത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും പിണറയി വിജയന്‍ പറഞ്ഞു.

‘2005 മുതല്‍ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതന്‍ കൂടിയായിരുന്ന അദ്ദേഹം ഇസ്‌ലം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ പരിശ്രമിച്ചു. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്.

ഹിറ്റ്‌ലറിന്റെ സൈന്യത്തില്‍ നിര്‍ബന്ധിത സേവനമനുഷ്ഠിക്കേണ്ടി വന്ന ഘട്ടത്തില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജൂതരേറ്റു വാങ്ങിയ പീഡനങ്ങള്‍ കണ്ടാണ് അദ്ദേഹം മനുഷ്യ സേവകനായി മാറിയത്. 2013 ല്‍ സ്ഥാനത്യാഗം ചെയ്യാന്‍ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്,’ പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, ശനിയാഴ്ച വൈകുന്നേരമാണ് മുന്‍ മാര്‍പ്പാപ്പ പോപ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ (സിവിലിയന്‍ പേര് ജോസഫ് അലോഷ്യസ് റാത്സിംഗെര്‍ Joseph Aloisius Ratzinger) അന്തരിച്ചത്. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

2005 മുതല്‍ 2013 വരെ എട്ട് വര്‍ഷം മാര്‍പ്പാപ്പയായിരുന്നു. 2013 ഫെബ്രുവരി 28നായിരുന്നു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 1927 ഏപ്രില്‍ 16ന് ജര്‍മനിയിലായിരുന്നു ജനനം.

കത്തോലിക്കാ സഭയുടെ 265ാം മാര്‍പ്പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ 600 വര്‍ഷത്തെ ചരിത്രത്തില്‍ പോപ് പദവിയില്‍ നിന്നും സ്വയം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാര്‍പ്പാപ്പ കൂടിയായിരുന്നു.

കത്തോലിക്കാ സഭയില്‍ വിവാഹിതരായ പുരുഷന്മാരെ വൈദികരായി നിയമിക്കുന്നതിനെതിരെ 2020ല്‍ അദ്ദേഹം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

1980കളില്‍ (1977 മുതല്‍ 1982 വരെ) മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായിരുന്നു ബെനഡിക്ട് 16ാമന്‍.

Content Highlight: Chief Minister Pinarayi Vijayan said that the demise of Pope Emeritus Benedict XVI is causing pain to the world community of believers