'കെ.പി. ഉണ്ണികൃഷ്ന്റെ പ്രതിഭയെ ഉപയോഗിക്കാത്തതില്‍ വേദന'; മൂന്ന് പതിറ്റാണ്ട് കാലം കോണ്‍ഗ്രസ് ഒരു പദവിയും നല്‍കിയില്ല: പിണറായി വിജയന്‍
Kerala News
'കെ.പി. ഉണ്ണികൃഷ്ന്റെ പ്രതിഭയെ ഉപയോഗിക്കാത്തതില്‍ വേദന'; മൂന്ന് പതിറ്റാണ്ട് കാലം കോണ്‍ഗ്രസ് ഒരു പദവിയും നല്‍കിയില്ല: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th December 2022, 6:06 pm

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി മൂന്ന് പതിറ്റാണ്ട് കാലമായിട്ടും കാര്യമായ ഒരു പദവിയും ഉണ്ണികൃഷ്ണന് നല്‍കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെന്നും ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും മുഖ്യന്ത്രി പറഞ്ഞു.

കെ.പി. ഉണ്ണികൃഷ്ന്റെ രാഷ്ട്രീയവും ജീവിതവും പറയുന്ന ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉണ്ണികൃഷ്ണന്റെ പ്രതിഭ ഉപയോഗിക്കാത്തതിലുള്ള വേദന കേരളത്തിലുള്ളവര്‍ക്കുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭ കേരളത്തിന് തന്നെ ഗുണകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാക്കളെയും പിണറായി വിജയന്‍ വിമര്‍ശിച്ചു. മന്‍മോഹന്‍സിങ് ആശംസയറിയിച്ച പരിപാടിയില്‍ ഇവിടുത്തെ(കേരളത്തിലെ) നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുസ്തകം ഏറ്റുവാങ്ങേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എം.കെ. രാഘവന്‍ എം.പിയും പരിപാടിയില്‍ പങ്കെടുത്തില്ല. പനിയായതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വി.ഡി. സതീശന്‍ അറിയിച്ചിരുന്നത്.

എന്നാല്‍ എം.കെ. രാഘവന്‍ എം.പിയെ കെ.പി.സി.സി വിലക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ അസാന്നിധ്യം.
കെ.പി. ഉണ്ണികൃഷ്ണന്റെ രാജീവ് ഗാന്ധി വിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സോണിയ ഗാന്ധിയുടെ അപ്രീതിയുടെ പേരിലാണ് യു.പി.എ ഭരണത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായതെന്ന് കെ.പി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം 24 ന്യൂസ് ചാനലിനോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

മന്‍മോഹന്‍ സിങും പ്രണബ് കുമാര്‍ മുഖര്‍ജിയും സോണിയ ഗാന്ധിയോട് ശുപാര്‍ശ ചെയ്തിരുന്നുവെന്നും എന്നാല്‍ എ.കെ ആന്റണി ഉള്‍പ്പെടെ അടുപ്പമുള്ളവര്‍ പോലും സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഗാന്ധി കുടുംബത്തിനതിരെ ഉന്നയിച്ച ആരോപണങ്ങളാണ് തനിക്ക് വിനയായത്. രാസവള കരാറിലും ബൊഫോഴ്‌സിലും ഗാന്ധി കുടുംബത്തിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവമാണ്. ആരോപണങ്ങള്‍ ആരും ഇതുവരെ നിഷേധിച്ചില്ല,’ എന്നാണ് കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.