കേരളത്തെ ഞെരുക്കി തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും അതിന് കുടപിടിക്കാന്‍ യു.ഡി.എഫും: പിണറായി വിജയന്‍
Kerala News
കേരളത്തെ ഞെരുക്കി തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും അതിന് കുടപിടിക്കാന്‍ യു.ഡി.എഫും: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2023, 6:56 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുകൊണ്ടാണ് സര്‍ക്കാരിന് നികുതി വര്‍ധിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുകാണാതെയാണ് പ്രതിപക്ഷം സമരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എണ്ണ വില നിര്‍ണയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയും വന്നത് വിചിത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനക്ഷേമത്തിന് വായ്പയെടുത്തത് അപരാധമായിട്ടാണ് കേന്ദ്രം കാണുന്നത്. കിഫ്ബിക്കെതിരെ എന്തിനാണ് ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതെന്നെന്നും അദ്ദേഹം ചോദിച്ചു.

‘എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോണ്‍ഗ്രസ്. ഞെരുക്കി തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും അതിന് കുടപിടിക്കാന്‍ യു.ഡി.എഫും, എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതെല്ലാം ജനം മനസിലാക്കുന്നു. അവര്‍ ഇതൊന്നും മുഖവിലക്കെടുക്കില്ല.

കേരളം കടക്കെണിയിലാണെന്നും ധനധൂര്‍ത്താണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. 2020- 21 സാമ്പത്തിക വര്‍ഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. അത് 2021-22ല്‍ 37.01 ശതമാനമായി കുറഞ്ഞു. 2022-23ല്‍ 36.38 ശതമാനമായി,’ പിണറായി വിജയന്‍ പറഞ്ഞു.

സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ, പശ്ചാത്തല സൗകര്യ വികസനം എന്നിവ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിനെ കണ്ണടച്ച് ഒതുക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇതിനെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.