തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ കൈയാളുന്ന വിഷയങ്ങളില്‍ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. സാധാരണ ജനാധിപത്യമര്യാദ വിട്ടുള്ള ഇടപെടലാണ് ഉണ്ടാകുന്നത്. സി.പി.ഐ.എം കേരളയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പ്രസ്താവനയിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള സമീപനം സ്വീകരിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിലൂടെ എടുക്കുന്ന പണം കടമെടുപ്പ് പരിധിയില്‍പെടുത്തുമെന്നാണ് പറയുന്നത്. കേന്ദ്രത്തിന് യഥേഷ്ടം കടമെടുക്കാം, സംസഥാനത്തിന് പാടില്ലെന്നാണ് പറയുന്നത്. സംസ്ഥാനത്ത് ചില മേഖലകളിലെ പെന്‍ഷന്‍ നല്‍കാന്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ആ കമ്പനിയെടുക്കുന്ന വായ്പയും കടമെടുപ്പിന്റെ പരിധിയില്‍പെടുത്തുമെന്നാണ് പറയുന്നത്.
സംസ്ഥാനത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയെന്ന നിലയിലാണ് നീങ്ങുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പാടില്ലെന്ന് ഒരു കേന്ദ്രമന്ത്രി പറയുകയാണ്. സാധാരണഗതിയില്‍ ആ പെന്‍ഷനില്‍ കുറച്ച് വര്‍ധനയാണുണ്ടാക്കേണ്ടത്. അതങ്ങനെ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അപ്പോഴാണ് ക്ഷേമ പെന്‍ഷന്‍ കൊടുക്കകരുതന്ന് കേന്ദ്ര മന്ത്രി പറയുന്നത്. അതൊന്നും കേരളം അംഗീകരിക്കാന്‍ പോവുന്നില്ല. ഇത്തരം ക്ഷേമപദ്ധതികളിലൂടെയാണ് അനേകായിരങ്ങള്‍ പട്ടിണികിടക്കാതെ ജീവിക്കുന്നത്. ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടാനല്ല സര്‍ക്കാര്‍. കോണ്‍ഗ്രസും ബി.ജെ.പിയും നയപരമായ കാര്യങ്ങളില്‍ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ട് പാര്‍ട്ടിയാണെങ്കിലും സാമ്പത്തിക നയം വ്യത്യാസമില്ലാതെ രണ്ട് കൂട്ടരും അംഗീകരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
ആഗോളവത്കരണ നയം അതിതീവ്രമായി ബി.ജെ.പി നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസിന് അതിനെ തള്ളിപ്പറയാനാവുന്നില്ല. കോണ്‍ഗ്രസിന്റെ നയമാണ് ഇപ്പൊള്‍ ബി.ജെ.പി നടപ്പാക്കുന്നത്. ആഗോളവത്കരണ- ഉദാരവത്കരണ നയം അംഗീകരിച്ച ശേഷം രാജ്യത്ത് വലിയതോതില്‍ ജനവിരുദ്ധ നടപടിയുണ്ടായി. കോണ്‍ഗ്രസ് ആഗോളവത്കരണ നയം അംഗീകരിച്ചപ്പോള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ബി.ജെ.പി.
പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ ബി.ജെ.പി പിന്തുണച്ചു. കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥയുടെയും വര്‍ഗീയതയോടുള്ള മൃദുസമീപനത്തിന്റെയും ഭാഗമായാണ് ബി.ജെ.പി രാജ്യത്ത് അധികാരത്തില്‍ വന്നത്.
കേന്ദ്രനയം അതേപടി അംഗീകരിച്ച് നടപ്പാക്കുകയല്ല കേരളം ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലക്കാന്‍ പാടില്ലെന്ന നിലപാട് സംസ്ഥാനം സ്വീകരിക്കുന്നു.
കേരളത്തിലെ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുമ്പോള്‍ നാം ഏറ്റെടുക്കുന്നു. അത്തരത്തില്‍ രണ്ട് പൊതുമേഖല സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് പൊതുമാര്‍ക്കറ്റില്‍ മത്സരിച്ചാണ് സംസ്ഥാനം ഏറ്റെടുത്തത്.
സാധാരണ കൃഷിക്കാരന്‍ വായ്പയെടുത്താല്‍ ജപ്തി നേരിടുന്ന നാട്ടിലാണ് കോര്‍പ്പറേറ്റുകളുടെ 10 ലക്ഷം കോടിരൂപ എഴുതിതള്ളുന്നത്. അയ്യോ ആ പാവങ്ങള്‍ക്ക് തിരിച്ചടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് വായ്പ എഴുതിതള്ളിയത്. ഇതാണ് രാജ്യത്ത് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം വലിയതോതില്‍ പിറകോട്ട് പോവുകയാണ്. പശ്ചാത്തല വളര്‍ച്ചയടക്കം ശരിയായ നിലയിലല്ല. പട്ടിണിയുടെ തോതില്‍ 121 രാഷ്ട്രങ്ങളില്‍ നൂറ്റിയേഴാം സ്ഥാനത്താണ് ഇന്ത്യ. ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന തൊഴിലുറപ്പ് പദ്ധതി എങ്ങനെ ഉപേക്ഷിക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിന് വകയിരുത്തിയ ഫണ്ട് ചിലത് ഇല്ലാതായി. ചിലത് വലിയ തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്ര നിലപാടിന്റെ ഭാഗമായി വലിയതോതിലുള്ള ജീവിതദുരിതം ജനങ്ങള്‍ അനുഭവിക്കുന്നു. ജനങ്ങള്‍ കൂടുതലായി പ്രക്ഷോഭമാര്‍ഗത്തിലേക്ക് വരികയാണ്. അത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ അവസരം നല്‍കാതിരിക്കാന്‍ വര്‍ഗീയധ്രുവീകരണം ശക്തമാക്കുന്നു. വര്‍ഗീയവിദ്വേഷത്തിലേക്ക് ആളുകളെ എത്തിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ എല്ലാവിധ ഒത്താശയും കേന്ദ്രംചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.