തിരുവനന്തപുരം: രാജ്യത്ത് സ്ത്രീ സുരക്ഷയും ലിംഗപദവി സമത്വവുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസവും അനാചാരവുമൊക്കെ സമൂഹത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ രാജ്യത്ത് ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം കേരളയുടെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പലതിനും ഇരയാകുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുമ്പോള്‍ പോലും അവരെ പഴിക്കുന്ന ഇരയധിക്ഷേപ(വിക്ടിം ഷെയ്മിങ്) സംസ്‌കാരം രാജ്യത്ത് നിലനില്‍ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
പുരുഷാധിപത്യ സമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ആര്‍.എസ്.എസ് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത്. ബില്‍ക്കിസ് ബാനു കേസ് ഇതിനുദാഹരണമാണ്. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ബി.ജെ.പി മാലയിട്ടാണ് സ്വീകരിച്ചത്. കത്വയില്‍ ആര്‍.എസ്.എസ് പ്രതികള്‍ക്കായി റാലികള്‍ സംഘടിപ്പിച്ചു.
സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനത്തിന്റെ ഉദാഹരണമാണ് ഇതെല്ലാം. ഇന്ത്യയില്‍ ജീവിക്കുന്ന പൗരന്മാരെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ ഭീതിയിലാക്കുന്നു. ഇതിനെതിരെ വലിയ തോതില്‍ യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന ആര്‍.എസ്.എസ് നിലപാട് രാജ്യത്തെങ്ങും ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആര്‍.എസ്.എസിന് അവരുടെ തനിനിറം കാണിക്കാന്‍ സാധിക്കാത്തത് സമൂഹം ഒന്നടങ്കം ശക്തമായി നേരിടുമെന്ന അവസ്ഥയുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വേദേതിഹാസത്തിന്റെയും അടിസ്ഥാനത്തിലല്ല ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന നിലപാട് ആര്‍.എസ്.എസ് സ്വീകരിക്കുന്നത്. ഹിറ്റ്ലറുടെ നാസിസമാണ് ഇതിന്റെ അടിസ്ഥാനം. കൂട്ടകശാപ്പാണ് ഹിറ്റ്ലറുടെ മാതൃക. അത് നടപ്പാക്കാമെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്. എന്നാല്‍, കേരളത്തില്‍ ആര്‍.എസ്.എസിന്റെ വര്‍ഗീയ നീക്കങ്ങളെ നേരിട്ട് നിരവധിയാളുകള്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആര്‍.എസ്. എസ് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ കഴിയാത്ത മണ്ണാക്കി കേരളത്തെ മാറ്റാനാണ് അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചത്.
ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ വിരോധം മുസ്‌ലിം വിഭാഗത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ചില പ്രീണന നയങ്ങള്‍ സംഘപരിവാര്‍ ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നുണ്ട്. അത് തിരിച്ചറിയണം. കേരളത്തിലെ സംഘപരിവാറും കേരളത്തിന് പുറത്തുള്ള സംഘപരിവാറും വ്യത്യസ്തരല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ന്യൂനപക്ഷം തങ്ങളുടെ നാട്ടിലുണ്ടാകരുതെന്ന തത്വസംഹിതയാണ് അവര്‍ക്കുള്ളത്. മുസ്‌ലിം വിഭാഗത്തിന് നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെയും ആക്രമണം നടക്കുന്നു. ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുകയാണ്. ക്രിസ്ത്യന്‍ പള്ളികള്‍ വലിയ തോതില്‍ അക്രമിക്കപ്പെടുന്നു. കര്‍ണാടകയില്‍ 2021 ക്രിസ്മസ് ദിനത്തില്‍ പള്ളി അക്രമിക്കപ്പെട്ടു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ചത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ കൂട്ടത്തോടെ ആട്ടിയോടിക്കുന്ന സംഭവവുമുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlight: Chief Minister Pinarayi Vijayan said that the central government is subverting women’s safety and gender equality in the country