| Thursday, 24th March 2022, 5:01 pm

പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍ ആരോഗ്യകരം; കെ റെയിലിന് വേഗത്തില്‍ കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ; മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ റെയിലിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നുവെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച കേന്ദ്ര മന്ത്രിയുടെ അനുമതി വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനൗദ്യോഗികമായി റെയില്‍വെ മന്ത്രിയെ കാണാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത സൗകര്യത്തില്‍ പിന്നിലുള്ള സംസ്ഥാനത്തില്‍ കെ റെയില്‍ പോലുള്ള ഒരു പദ്ധതി അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ കടത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. പദ്ധതിക്കാവശ്യമായുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കും. വിദേശ വായ്പയെടുക്കുന്നതിന്റെ നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഡി.പി.ആറില്‍ ഉണ്ടായിരുന്ന അവ്യക്തത നീക്കി. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പാരിസ്ഥിതിക ആശങ്കകളും പരിഹരിച്ചാകും പദ്ധതിയുടെ നടത്തിപ്പ്. സര്‍വേ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ചീഫ് സെക്രട്ടറിക്കും ജോണ്‍ ബ്രിട്ടാസ് എം.പിക്കും ഒപ്പമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനെത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി തിരികെ കേരളാഹൗസിലെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു.

Content Highlights: Chief Minister Pinarayi Vijayan said that Prime Minister Narendra Modi listened to the K Rail with great interest

We use cookies to give you the best possible experience. Learn more