തിരുവനന്തപുരം: മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ കരുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗെടുത്ത ചില നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നാണ്
എം.വി. ഗോവിന്ദന്‍ പറഞ്ഞതെന്നും ഇതില്‍ മറ്റ് വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ലീഗിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘പണ്ട് തപസിനെപ്പറ്റി ഇന്ദ്രന്‍ ചിന്തിച്ചത് പോലെ, ആര് തപസ് നടത്തിയാലും ഇന്ദ്ര മതത്തിന് വേണ്ടിയാണെന്നാണ് പഴയ കഥ.
മതനിരപേക്ഷതക്ക് കരുത്ത് പകരുന്ന തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കും. അത് ഇന്നത്തെക്കാലത്ത് പ്രധാനമാണ്.
ലീഗ് ഒരുഘട്ടത്തില്‍ ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. അന്ന് ഞാന്‍ അതിനെ പിന്തുണച്ചിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ ഘട്ടത്തില്‍ ചിലപ്പോള്‍ വിമര്‍ശിച്ചിട്ടുണ്ടാകും.
ഇത് സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ പ്രശ്‌നമല്ല. ആരും ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല അത്. നിലപാട് വ്യക്തമാക്കല്‍ വളരെ പ്രധാനമാണ്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വളരെ കുറവാണ്. എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.