ന്യൂയോര്‍ക്ക്: കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോക്ക്കൂലിയും ചില സംഘടനയിലെ ആളുകള്‍ക്ക് മാത്രം ജോലികൊടുക്കുന്ന അവസ്ഥയും ഇല്ലാതാക്കിയത് മൊത്തത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംസാരിക്കുകയായിന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ കിഴിയുന്നതാണ് നിക്ഷേപങ്ങള്‍ കൊണ്ടുവരലെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കും വലിയ റോളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി ബഹുരാഷ്ട്ര കമ്പനികള്‍ പലതും തയ്യാറായിക്കഴിഞ്ഞു. നേരത്തെ തൊഴില്‍ അന്തരീക്ഷം കേരളത്തില്‍ മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ രണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഒന്ന് നോക്ക് കൂലിയാണ്. നോക്ക് കൂലി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
എല്ലാ ട്രേഡ് യൂണിയന്‍ സംഘടനകളുടെയും യോഗം വിളിച്ചുചേര്‍ത്താണ് നോക്കുകൂലി ഒഴിവാക്കിയത്. ജോലിയെടുക്കാതെ ഒരാള്‍ക്ക് വേദനം നല്‍കണം എന്ന ഞങ്ങളാരും പറഞ്ഞിട്ടില്ലെന്ന് എല്ലാ ട്രേഡ് യൂണിയനുകളും ഓരേ സ്വരത്തിലാണ് അന്ന് പറഞ്ഞത്.