| Thursday, 14th July 2022, 6:56 pm

കെ ഫോണിന് ഐ.എസ്.പി ലൈസന്‍സ്; ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായി പ്രവര്‍ത്തിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ ഫോണിന് ഐ.എസ്.പി ലൈസന്‍സ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് അഭിമാനര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍(ഐ.എസ്.പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംസ്ഥാന പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവന സൗകര്യങ്ങള്‍ നല്‍കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഐ.എസ്.പി ലൈസന്‍സും ഇന്റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെ-ഫോണ്‍ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐ.എസ്.പി കാറ്റഗറി ബി ലൈസന്‍സ് ഒരു സര്‍വീസ് മേഖലാപരിധിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സര്‍വീസ് മേഖലാ പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവനസൗകര്യങ്ങള്‍ നല്‍കാന്‍ കെ-ഫോണിന് ഇനി സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നു.

ഏകദേശം 30,000 ത്തോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കെ-ഫോണ്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവസാന വട്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നത് പേപ്പര്‍ രഹിതമാറുന്നത് ത്വരിതപ്പെടും കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാകാന്‍ ഇതുപകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുദ്ദേശിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-ഫോണ്‍. ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഈ സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന വലിയ ഉറപ്പ് കൂടിയാണീ പദ്ധതി. അവശ വിഭാഗങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതി ടെലികോം മേഖലയിലെ കോര്‍പ്പറേറ്റാധിപത്യത്തിനെതിരെയുള്ള ജനകീയ ബദല്‍ കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: Chief Minister Pinarayi Vijayan said that K Phone has received an ISP license

We use cookies to give you the best possible experience. Learn more