പാര്‍ലമെന്റില്‍ എം.പിമാര്‍ക്ക് പോലും സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയുന്നില്ല; രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു: പിണറായി വിജയന്‍
കൊച്ചി: രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ എം.പിമാര്‍ക്കുപോലും സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി സംഘം ചേര്‍ന്ന് പോരാടേണ്ട കാലമായെന്നും പിണറായി വിജയന്‍ പറഞ്ഞു.
യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്ക വേണ്ടെന്നും കൊട്ടാരക്കര സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ചടങ്ങില്‍ പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.ജെ. മാക്‌സി അധ്യക്ഷനായ ചടങ്ങില്‍ യുവധാര ചീഫ് എഡിറ്റര്‍ വി. വസീഫ് സ്വാഗതം പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍ ആമുഖ പ്രഭാഷണം നടത്തി.
ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രിയെ യുവധാര പബ്ലിഷര്‍ വി.കെ. സനോജ് ഉപഹാരം നല്‍കി ആദരിച്ചു. ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി മുഖ്യാതിഥിയായ ചടങ്ങില്‍ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.എന്‍. മോഹനന്‍ ആശംസ പറഞ്ഞു.
ചടങ്ങില്‍ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്,
ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.ആര്‍. അരുണ്‍ ബാബു, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗം ചിന്ത ജെറോം, ഫെസ്റ്റിവല്‍ കണ്‍വീനര്‍മാരായ എ.ആര്‍. രഞ്ജിത്ത്, അനീഷ് എം. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന പരിപാടിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം മീനു സുകുമാരന്‍ നന്ദി പറഞ്ഞു.