| Tuesday, 7th December 2021, 12:50 pm

വഖഫ് നിയമനം ഉടന്‍ പി.എസ്.സിക്ക് വിടില്ല, ചര്‍ച്ച നടത്തും; സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പി.എസ്.സിക്കു നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ട തീരുമാനം ഇപ്പോള്‍ നടപ്പിലാക്കില്ലെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സമസ്ത നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.

വഖഫിന്റ നിയന്ത്രണം മുസ്‌ലിം സംഘടനകള്‍ക്കുണ്ടാകണമെന്നും ഇപ്പോഴെടുത്ത തീരുമാനം മാറ്റണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പി.എസ്.സിക്കുവിട്ട തീരുമാനം നടപ്പിലാക്കില്ലെന്നും മരവിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ സംസാരത്തില്‍നിന്ന് മനസ്സിലായതെന്ന് നേതാക്കള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Chief Minister Pinarayi Vijayan said that detailed discussions will be held regarding leaving the appointments of Waqf Board to PSC

We use cookies to give you the best possible experience. Learn more