Kerala News
കാലിത്തൊഴുത്തിന് 40 ലക്ഷമാണത്രെ, ഇതുപോലൊരു അസംബന്ധ പ്രചരണം വേറെയുണ്ടോ? ചിലര്‍ പാട്ട് വെക്കുന്നു എന്ന് വരെ പറഞ്ഞു: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 09, 04:27 pm
Thursday, 9th February 2023, 9:57 pm

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷം അനുവദിച്ചു എന്നത് പ്രചരണം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു മതില് പുതുക്കിപ്പണിയാനുള്ള നടപടിയാണുണ്ടായതെന്നും അത് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റാണ് ചെയ്യുന്നതെന്നും തനിക്കതില്‍ പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

‘കാലിത്തൊഴുത്തിന് 40 ലക്ഷം എന്നൊക്കെ പറയുന്നത് പോലെ അസംബന്ധമായ മറ്റൊരു കാര്യമുണ്ടോ. ഇങ്ങനെയൊരു പ്രചരണം ഭൂലോകത്ത് വേറെ ഉണ്ടാകില്ല. എന്തെല്ലാം പ്രചരണങ്ങളാണിവിടെ നടക്കുന്നത്.

കാലിത്തൊഴുത്തില്‍ പശുക്കള്‍ക്ക് പാട്ട് ഉണ്ടെന്ന് വരെ ഒരു കൂട്ടര്‍ പ്രചരിപ്പിച്ചു(ചിരിക്കുന്നു). പിന്നാലെ അത് വിലപോകില്ലെന്ന് കണ്ടപ്പോള്‍, അവരുടെ വിമര്‍ശനം കൊണ്ട് പാട്ട് ഉപേക്ഷിച്ചെന്ന് പറഞ്ഞു.

ശരിക്കും അവിടെ ഉണ്ടായത്, അവിടുത്തെ റോഡ് സൈഡിന്റെ മതില്‍ ഇടിഞ്ഞിരുന്നു. ആ മതില് പുതുക്കിപ്പണിയാനുള്ള നടപടിയാണുണ്ടായത്. ഞാനാണോ അതിന്റെ കണക്ക് തയ്യാറാക്കുന്നത്? അതുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റാണ് അതിന്റെ തീരുമാനം എടുക്കുന്നത്. അതിനെ അങ്ങനെ കാണേണ്ടെ,’ പിണറായി വിജയന്‍.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസമായിരുന്നു ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് വന്നിരുന്നത്.

കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനും തകര്‍ന്ന ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുന്നതിനുമായി നാല്‍പ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം(42,90,000) രൂപ അനുവദിച്ചതായിട്ടായിരുന്നു ഉത്തരവ്. പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറാണ് ഉത്തരവിറക്കിയിരുന്നത്.